ദ്രാവിഡും വെങ്‌സാര്‍ക്കാറും തലകുലുക്കി; പൃഥ്വി ഷാ ടീമില്‍

SP-PRITHI-Lമുംബൈ: രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ തമിഴ്‌നാടിനെ നേരിടാനൊരുങ്ങുന്ന മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. ക്വാര്‍ട്ടറില്‍ വിജയിച്ച ടീമിനെ മാറ്റിയതല്ല, മറിച്ചു പതിനേഴ് വയസ് മാത്രം പ്രായമുള്ള പൃഥ്വി ഷായുടെ ടീം പ്രവേശനമാണ് അവരെയും അത്ഭുതപ്പെടുത്തിയത്. മുബൈ ടീമിന്‍റെ സെലക്ഷന്‍ കമ്മറ്റി ഏറെ നേരത്തെ ആലോചനയ്ക്കു ശേഷമാണ് പൃഥ്വി ഷായെ സെമി ഫൈനലിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. അതും ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് അതികായരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം.

ആദ്യ അഭിപ്രായം തേടിയത് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ ഇന്ത്യയുടെ എ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡിനോട്. ജയന്ത് യാദവ്, കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ യുവതുര്‍ക്കികളുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവിനു ചുക്കാന്‍ പിടിച്ച ദ്രാവിഡിനു പൃഥ്വിയുടെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തി. വിരാട് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റില്‍ ഏറെ ശോഭിക്കും എന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ എ ടീമിനായുള്ള കോഹ്‌ലിയുടെ കളി കണ്ട് അന്ന് പ്രവചിച്ച ദിലിപ് വെങ്‌സാര്‍ക്കാറിനും പൃഥ്വിയെ ടീമിലെടുക്കുന്നതില്‍ പൂര്‍ണ യോജിപ്പ്. ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തിലാണ് മുംബൈ സെലക്ടര്‍മാര്‍ ഈ പതിനേഴുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

മുംബൈയിലെ മൈതാനങ്ങളെ വിറപ്പിച്ച മൂന്നു പേരില്‍ ഒരാളാണ് അവന്‍. സര്‍ഫ്രാസ് ഖാന്‍, അര്‍മാന്‍ അഷറഫ്, പൃഥ്വി ഷാ… മൂവരും ക്രീസില്‍ എത്ര നേരം വേണമെങ്കിലും പിടിച്ചു നില്‍ക്കാന്‍ പ്രാപ്തിയുള്ളവര്‍. സര്‍ഫ്രാസാണ് അദ്യമായി 439 റണ്‍സ് അടിച്ചു വരവറിയിച്ചത്. 2013ല്‍ 473 അടിച്ച് അര്‍മാനും കടന്നു വന്നു. ഹാരിസ് ഷീല്‍ഡ് അണ്ടര്‍ 16 സ്കൂള്‍ ടൂര്‍ണമെന്‍റില്‍ ഇരുവരെയും പിന്നിലാക്കി പൃഥ്വി ഷാ കുറിച്ചത് 546 റണ്‍സ് . അപ്പോള്‍ പൃഥ്വിയുടെ പ്രായം വെറും 14. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യക്കു വേണ്ടിയുള്ള മിന്നും പ്രകടനമാണ് ഇപ്പോള്‍ മുംബൈ രഞ്ജി ടീമിലേക്കുള്ള വഴിതുറന്നത്.

Related posts