മോനേ ഞാനും വരുന്നു എന്ന് പറഞ്ഞ് ലാലേട്ടന്‍ വണ്ടിയില്‍ കയറി! ചേട്ടന്‍ കവിത തീയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ലെന്ന് ഞാനും; അവിശ്വസനീയ ആ നിമിഷത്തെക്കുറിച്ച് പൃഥിരാജ്

പൃഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്. ചിത്രം കോടിക്ലബുകളില്‍ കയറുമെന്നത് തീര്‍ച്ചയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

താന്‍ സംവിധാനം ചെയ്ത കന്നി ചിത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലായിരുന്നു പൃഥിരാജ്. ചിത്രം റിലീസായ ദിവസം കവിത തിയറ്ററില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ പ്രധാന ആളുകളെല്ലാം എത്തിയത് മലയാളികള്‍ക്ക് അപൂര്‍വ്വ കാഴ്ചയായിരുന്നു. മോഹന്‍ലാല്‍ ആദ്യമായാണ് ഒരു ഫാന്‍സ് ഷോയില്‍ തന്റെ ചിത്രം കാണുന്നതും. ആ ദിവസം അങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പൃഥിരാജ് ഇപ്പോള്‍. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ഇനി ഒരു സിനിമ സംവിധാനം ചെയ്യുമോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാം എന്ന് തീരുമാനിച്ച് ഞാന്‍ എറണാകുളം കവിത തീയേറ്ററിലേക്ക് പോവുകയാണ്. അപ്പോഴാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്. ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് വന്നാല്‍ ഒരുമിച്ചു പോകാം എന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയി.

നോക്കുമ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറിയിരുന്നു. ഞാന്‍ ചോദിച്ചു ‘ചേട്ടന്‍ എങ്ങോട്ടാ?’ ‘മോനെ ഞാനും വരുന്നുണ്ട്’ എന്ന് ചേട്ടന്‍ പറഞ്ഞു. ‘ചേട്ടന്‍ കവിത തീയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ല’ എന്ന് ഞാന്‍ പറഞ്ഞു. ‘ഒരു പ്രശ്‌നവുമില്ല, ഞാന്‍ വരുന്നു ഇത് മോന് ചേട്ടന്‍ തരുന്ന സമ്മാന’മാണെന്ന് ലാലേട്ടന്‍ പറഞ്ഞു.

ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. സിനിമ കാണാന്‍ വയ്യ. ലാലേട്ടന്‍ അപ്പുറത്തിരിക്കുന്നു. ഇത് ചില്ലറപ്പെട്ട കാര്യമൊന്നുമല്ല. മോഹന്‍ലാലാണേ പത്തയ്യായിരം ആളുകളുടെ ഇടയിലേക്ക് ചെന്ന് ഇറങ്ങുമ്പോള്‍..വല്ലാത്ത ഒരു എക്സൈറ്റ്മെന്റ് ആയിരുന്നു. ഈ സിനിമ ചെയ്തതിനേക്കാള്‍ വലിയ എക്സ്പീരിയന്‍സ് ആണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സാധാരണ പ്രേക്ഷകരുടെ ഇടയില്‍ ലാലേട്ടന്റെ തൊട്ടടുത്ത് ഇരുന്നു കാണുക.. എന്ന് പറയുന്നത് അത് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷമായിരുന്നു. പൃഥ്വിരാജ് പറയുന്നു.

Related posts