മറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…

സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്.

എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം.

ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം.

500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.

മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ് ആളുകള്‍ പറയുന്നത്.

സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിശോധന ഒതുങ്ങും. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് സൗജന്യമായാണ് ചെയ്യുന്നത്.

എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും. ഇക്കാര്യത്തില്‍ നടപടി ഉടന്‍ വേണമെന്നാണ് ജനങ്ങളില്‍ നിന്നുയരുന്ന ആവശ്യം.

Related posts

Leave a Comment