എന്റെ മകന്‍ മറ്റൊരു കെവിന്‍ ആവരുത് ! മകനൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് വീട്ടമ്മ; കേരളത്തില്‍ ദുരഭിമാനം വീണ്ടും തലപൊക്കുന്നു…

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ ദുര്‍ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്‍ ഷെബിന്‍ ജോര്‍ജിനെ അയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും തുടര്‍ന്ന് ആക്രമത്തിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് .

ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഗതി തന്റെ മകന് സംഭവിച്ചാല്‍ തന്റെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും ഷേര്‍ളി പറയുന്നു . ഷെബിന്‍ മാനന്തവാടിയിലെ ഒരു യുവതിയുമായി രണ്ടു വര്‍ഷക്കാലമായി പ്രണയത്തിലാണ് . എന്നാല്‍ ഇരുവീട്ടുകാരുടെയും സാമ്പത്തിക അന്തരത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത് ഷേര്‍ലി പറയുന്നു.

നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഇരുവരും എറണാകുളത്തേക്കു പോയി . എന്നാല്‍, കുട്ടിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും അവിടെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു ഷേര്‍ളി പറഞ്ഞു

സംസാരിക്കാനെന്ന് പറഞ്ഞ് ഞങ്ങളെ റസ്റ്ററന്റിലേക്കു വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ഞങ്ങളെ മര്‍ദിക്കുകയും കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്കു പരിക്കേറ്റു . അതേസമയം, പരാതി പറയുന്നതിനു പാലാരിവട്ടം എസ്.ഐയെ സമീപിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചു.

ആശുപത്രിയിലെത്തിയ പോലീസ് ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനു പകരം പരാതി പറഞ്ഞ അമ്മയെ മുറിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് ഷെബിന്‍ പറഞ്ഞു. 24ന് മാനന്തവാടിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ളതാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ് 27 നാണ്‌കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനെ ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ട് പോയി ഒരു ദിവസത്തിന് ശേഷം തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഷാനുവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോവലും അക്രമവുമെങ്കിലും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി. ചാക്കോ അഞ്ചാം പ്രതിയാണ്.

Related posts