തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
പുലിക്കളിയുമായി ബന്ധപ്പെട്ട തിരക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച അറിയിപ്പ് വൈകാതെ നടത്തിയേക്കും.