കേക്ക് രാജാവ് ! ഈ അപൂര്‍വ കേക്കിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഹരുണി സുരേഷ് വൈപ്പിന്‍

ഖത്തര്‍ രാജാവായ തമീം ബിന്‍ ഹമദ് അല്‍താനിയുടെ രൂപത്തില്‍ സെബാസ്റ്റ്യന്‍ ചെറുവൈപ്പ് രൂപം നല്‍കിയ കേക്ക് ഒറിജിനില്‍ രാജാവിനെ വെല്ലും.

മുഖത്തിന്റെ ചുളിവുകളും കണ്ണിന്റെയും മൂക്കിന്റെയും രൂപവും തലപ്പാവും വസ്ത്രധാരണവുമെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി പകര്‍ത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍. രാജാവിന്റെ ഏറ്റവും പുതിയ ചിത്രമാണ് രൂപഭാവങ്ങള്‍ പകര്‍ത്താനായി സെബാസ്റ്റ്യന്‍ അവലംബിച്ചത്.

തൂക്കം 11 കിലോ

11 കിലോയോളം തൂക്കം വരുന്ന അര്‍ധകായ രൂപത്തിലുള്ള ഈ കേക്ക് സെബാസ്റ്റ്യന്‍ കേക്ക് ഡിസൈനറായി ജോലി നോക്കുന്ന ഖത്തറിലെ ദോഹയിലുള്ള കേക്ക് കമ്പനിയിലാണ് ഇപ്പോള്‍ ഉള്ളത്.

പൂര്‍ണമായും ഉറച്ച ചോക്ലേറ്റ്, പഞ്ചസാര പേസ്റ്റ് എന്നിവകൊണ്ടു രൂപം നല്‍കിയിട്ടുള്ള കേക്കിന് രണ്ട് അടി ഉയരമുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ശിഷ്യനും നാട്ടുകാരനുമായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെ ഒരു മാസംകൊണ്ടാണ് കേക്കിന്റെ പണി പൂര്‍ത്തീകരിച്ചത്.

രാജാവിന് നേരിട്ട് സമ്മാനിക്കണം

ഇനി കേക്ക് രാജാവിനു നേരിട്ടു നല്‍കണം. അതിനുള്ള അവസരം കാത്തിരിക്കുകയാണ്. കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ ഇതൊന്ന് കാണിക്കുകയെങ്കിലും വേണമെന്നതാണ് സെബാസ്റ്റ്യന്റെ ആഗ്രഹം.

അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നടന്നില്ലെങ്കില്‍ അടുത്തവര്‍ഷം നാട്ടിലേക്ക് വരുമ്പോള്‍ കൂടെ കൊണ്ടുവരും. ഉറച്ച ചോക്ലേറ്റില്‍ നിര്‍മിച്ചതിനാല്‍ കേക്ക് ചീത്തയാകില്ലെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്.

നാട്ടിലേക്ക് പോരും വരെ ദോഹയില്‍ കേക്ക് ഫ്രീസറില്‍ സൂക്ഷിക്കും. കേക്ക് ഷോപ്പ് നടത്തുന്ന കോഴിക്കോടു വാണിമ്മേല്‍ സ്വദേശിയായ നവാസിന്റെ പ്രോത്സാഹനം കേക്ക് ഡിസൈന്‍ ചെയ്യാന്‍ വലിയൊരു സഹായമായെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

അതുകൊണ്ട് അധികം സാമ്പത്തിക ചെലവില്ലാതെ തന്നെ ഈ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.
എറണാകുളം ജില്ലയില്‍ വൈപ്പിനിലെ കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ സെബാസ്റ്റ്യന്‍ നാട്ടില്‍ സിമന്റിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും മികവാര്‍ന്ന ശില്പങ്ങള്‍ മെനഞ്ഞ് ഖ്യാതി നേടിയ ആളാണ്.

കോവിഡ് കാലത്തിനിടെ രണ്ട് വര്‍ഷം മുമ്പാണ് കേക്ക് ഡിസൈനറായി ദോഹയിലെത്തിയത്. ഇവിടെയെത്തിയ അന്നുമുതല്‍ മനസില്‍ കൊണ്ടു നടന്ന ഒരു ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

Related posts

Leave a Comment