ഉടമയേക്കാള്‍ സ്മാര്‍ട്ടായ നായയുടെ കഥ! വളര്‍ത്തു നായ പിടിയെ വച്ചുള്ള ട്വീറ്റിന് രാഹുല്‍ ഗാന്ധിയിക്ക് മറുപടിയുമായി ബിജെപി

ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള അങ്കം കടുക്കുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും അത് ശക്തി പ്രാപിച്ചുവരുന്നുണ്ട്. ഗുജറാത്ത് ഇലക്ഷനടുത്തതോടെ രാഹുല്‍ ഗാന്ധി വലിയ ഫോമിലാണെന്ന് ശത്രുക്കള്‍പോലും സമ്മതിച്ചുകഴിഞ്ഞു. കാരണം, അത്രയ്ക്ക് ശക്തവും മൂര്‍ച്ചയേറിയതുമായ വാക്ശരങ്ങളാണല്ലോ വിവിധ വേദികളിലും സോഷ്യല്‍മീഡിയകളിലൂടെയും രാഹുല്‍ ഗാന്ധി തൊടുത്തുവിടുന്നത്. രാഹുലിന്റെ തലയില്‍ നിന്നുതന്നെയാണോ ഇത്തരത്തിലുള്ള ആശങ്ങളെല്ലാം വരുന്നതെന്ന് പലര്‍ക്കും സംശയം തോന്നുകപോലുമുണ്ടായി. ഈയവസരത്തില്‍ പലരും രാഹുലിനുവേണ്ടി ട്വീറ്റുകള്‍ തയാറാക്കി നല്‍കുന്നതാരാണെന്ന് അദ്ദേഹത്തോട് നേരിട്ടെന്നതുപോലെ ചോദിച്ചും തുടങ്ങി.

തനിക്ക് വേണ്ടി ട്വീറ്റുകള്‍ തയ്യാറാക്കുന്നതാരാണെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഉത്തരമായി രാഹുല്‍ ഗാന്ധി തന്റെ വളര്‍ത്തു നായയുടെ വീഡിയോ പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും കണക്കിന് പരിഹസിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റുകള്‍ക്ക് വലിയ പ്രചാരം ലഭിച്ചതോടെയാണ് രാഹുലിന് വേണ്ടി വേറെയാരോ ആണ് ട്വീറ്റുകള്‍ തയ്യാറാക്കുന്നതെന്ന വാദവുമായി ചിലര്‍ രംഗത്ത് വന്നത്. ഇതിന് മറുപടിയായിട്ടാണ് തന്റെ വളര്‍ത്തുനായയുടെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ”ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നയാളെ അന്വേഷിക്കുന്നവര്‍ക്കായി… അത് ഞാനാണ് പിഡി….ഞാനിയാളെക്കാള്‍ സ്മാര്‍ട്ടാണ്… എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ തന്റെ വളര്‍ത്തുനായ പിടിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. എന്തായാലും വളര്‍ത്തുനായയെ വച്ചുള്ള രാഹുലിന്റെ ട്വീറ്റിന് മറുപടിയുമായി ബിജെപി രംഗത്ത് വന്നതോടെ വിവാദങ്ങള്‍ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന്റെ പോസ്റ്റര്‍ അനുകരിച്ച് ”പിഡിമാന്‍” എന്നൊരു പോസ്റ്ററുണ്ടാക്കിയാണ് ബിജെപി രാഹുലിന് മറുപടി നല്‍കിയിരിക്കുന്നത്. ഉടമയേക്കാള്‍ സ്മാര്‍ട്ടായ നായയുടെ കഥ എന്ന ടാഗോടെയാണ് ബിജെപിയുടെ പോസ്റ്റര്‍. മുന്‍പെങ്ങുമില്ലാത്ത വിധം കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ചും പരിഹസിച്ചുമുള്ള ട്വീറ്റുകളാണ് തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ ഓഫീസ് ഓഫ് ആര്‍.ജിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കെല്ലാം തന്നെ വന്‍ പ്രചാരണം ലഭിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ ട്വീറ്റുകള്‍ നിരന്തരം വാര്‍ത്തകളായി വന്നു തുടങ്ങിയതോടെയാണ് ആരാണ് രാഹുലിന് വേണ്ടി ട്വീറ്റുകള്‍ തയ്യാറാക്കുന്നതെന്ന ചോദ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്നതിനും താന്‍ പരിചയിച്ചുകഴിഞ്ഞു എന്ന് തെളിയിക്കുന്നതായിരുന്നു രാഹുലിന്റെ ആ മറുപടിയും. ആരാവും അന്തിമ വിജയിയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Related posts