പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതിവച്ച ഉത്തരങ്ങളുള്ള ആദ്യ പ്രധാനമന്ത്രി! മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന എല്ലാ അഭിമുഖങ്ങളും മുന്‍കൂട്ടി തയ്യാറാക്കുന്ന തിരക്കഥയ്ക്കനുസരിച്ചാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ അഭിമുഖത്തില്‍ പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന നരേന്ദ്ര മോദിയുടെ വീഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതിവച്ച ഉത്തരമുള്ള ആദ്യ പ്രധാനമന്ത്രി’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.

അദ്ദേഹം യഥാര്‍ത്ഥ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തത് നന്നായി, അല്ലെങ്കില്‍ നമ്മള്‍ ലജ്ജിച്ചു പോയേനെയെന്നും രാഹുല്‍ പരിഹസിച്ചു. സിംഗപ്പൂരിലെ നന്‍യാഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് രാഹുല്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

ഏഷ്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദി നല്‍കുന്ന ഉത്തരമാണ് വീഡിയോയിലുള്ളത്. മോദിയുടെ ഉത്തരങ്ങള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ വിവര്‍ത്തകന്‍ ഒരു പേപ്പറില്‍ മുന്‍കൂട്ടി തയ്യാറാക്കിയ വസ്തുതകളും കണക്കുകളുമടങ്ങിയ ദീര്‍ഘമായ പാരഗ്രാഫ് എടുത്ത് വായിക്കുന്നതാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്.

ഇത് മോദി പറഞ്ഞിരുന്നുമില്ല. ഈ ചോദ്യം പ്രതീക്ഷിച്ചിട്ടെന്ന പോലെ വിവര്‍ത്തകന്‍ മുന്‍കൂട്ടി തയ്യാറാക്കി കൊണ്ടുവന്നിരുന്നു എന്നാണ് ആരോപണം. നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ അഭിമുഖത്തെ പരിഹസിച്ച് ശശി തരൂരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഉത്തരവും അതിന്റെ പരിഭാഷയും തമ്മിലുള്ള വൈരുദ്ധ്യമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചത്.

Related posts