സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വിമാനത്തില്‍ എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഉറ്റുനോക്കുകയാണ്! കള്ളപ്പണമൊക്കെ കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തതിനുശേഷം തിരിച്ചെത്തിയ സാഹചര്യത്തിലാണ് മോദിക്കെതിരെ രാഹുല്‍ രംഗത്ത് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രിയ്ക്ക് സ്വാഗതം പറഞ്ഞ രാഹുല്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നതെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം കലര്‍ന്ന ചോദ്യം.

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തുന്ന മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനവും ഓര്‍മ്മിപ്പിക്കുന്നു. ‘നിങ്ങളുടെ വിമാനത്തില്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ അത്ഭുതത്തോടെ നോക്കുകയാണ്’. ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. കള്ളപ്പണം പിടിച്ചാല്‍ അത് രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചായിരുന്നു ഇത്.

ഇന്ത്യയുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന് മാത്രമായി ആകെയുള്ളതിന്റെ 73 ശതമാനം സമ്പത്തുണ്ട് എന്ന റിപ്പോര്‍ട്ടിന് മറുപടി ദാവോസില്‍ പറയണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തിരികെ എത്തിയ മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പുതിയ ട്വീറ്റ്.

Related posts