പരസ്പരം തോളില്‍ കൈയ്യിട്ട്, കളിയാക്കി, ചേര്‍ത്തു നിര്‍ത്തി കവിളില്‍ മുത്തവും കൊടുത്ത് മടക്കം! കാണ്‍പൂര്‍ വിമാനത്താവളത്തിലെ ഹ്രസ്വ കൂടിക്കാഴ്ചയുടെ രംഗങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട്, രണ്ടുപേരും രണ്ട് വഴിക്ക് സഞ്ചരിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ വച്ച് സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടുമുട്ടിയപ്പോഴത്തെ സ്‌നേഹ നിമിഷങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി.

പരസ്പരം തോളില്‍ കയ്യിട്ട് വിശേഷങ്ങള്‍ പങ്കിട്ട ശേഷം പ്രിയങ്കയെ കളിയാക്കുന്നുണ്ട് രാഹുല്‍. കാമറക്കടുത്തേക്ക് വന്ന രാഹുല്‍, ‘ഒരു നല്ല സഹോദരന്‍ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം’ എന്ന് പറയുന്നു. ”ചെറിയ ഹെലികോപ്ടറില്‍ ഒതുങ്ങിയിരുന്നാണ് എന്റെ ദൈര്‍ഘ്യമേറിയ യാത്രകള്‍. പക്ഷേ ഹ്രസ്വയാത്ര നടത്തുന്ന എന്റെ സഹോദരി സഞ്ചരിക്കുന്നത് വലിയ ഹെലികോപ്ടറിലും.” വിഡിയോക്കിടയില്‍ രാഹുലിന്റെ കൈ തട്ടി മിണ്ടാതിരിക്ക് എന്ന് പ്രിയങ്ക പറയുന്നത് കേള്‍ക്കാം.

പിന്നീട് പ്രിയങ്കയെ ചേര്‍ത്തു നിര്‍ത്തി, കവിളില്‍ ഒരു മുത്തവും സമ്മാനിച്ചാണ് രാഹുല്‍ പിരിഞ്ഞത്. രണ്ടു ഹെലികോപ്റ്ററുകളിലായി രണ്ടു മേഖലകളിലേക്ക് പ്രചാരണത്തിന് പോകുന്നതിന് മുമ്പായി വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇരുവരും മറന്നില്ല.

Related posts