എട്ടാം ക്ലാസും ഗുസ്തിയുമല്ല, ഇനി ഭരിക്കുന്നത് പിഎച്ച്ഡി, എല്‍എല്‍ബി, എംബിഎ ഡിഗ്രിക്കാര്‍! ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെക്കൊണ്ട് നിറഞ്ഞ് രാജസ്ഥാന്‍ നിയമസഭ

പൊതുവെ രാഷ്ട്രീയക്കാരെ പരിഹസിച്ച് പറയുന്ന ഒരു കാര്യമുണ്ട്, എട്ടാം ക്ലാസും ഗുസ്തിയുമാണ് ഇക്കൂട്ടരില്‍ മിക്കവരുടെയും യോഗ്യതകളെന്ന്. എന്നാല്‍ കാലം മാറിയ കൂട്ടത്തില്‍ ഇക്കാര്യങ്ങളിലും മികച്ച രീതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ മന്ത്രിസഭയില്‍ നിന്നാണ് ഇതിന് ഏറ്റവും മികച്ച ഒരു തെളിവ് പുറത്ത് വന്നിരിക്കുന്നത്.

ചില്ലറക്കാരൊന്നുമല്ല, മന്ത്രി സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയിരിക്കുന്നത്. മൂന്ന് പിഎച്ച്ഡിക്കാര്‍, ആറ് എല്‍എല്‍ബിക്കാര്‍, രണ്ട് എംബിഎക്കാര്‍, ഒരു എന്‍ജിനീയറിങ്ങുകാരന്‍ തുടങ്ങി, വിദ്യാസമ്പന്നരായ മന്ത്രിമാരാല്‍ തിളങ്ങുകയാണു രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ബി.ഡി.കല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍എല്‍ബിയുമുണ്ട്. ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയ്, ടിക്കാറാം ജുല്ലി എന്നിവര്‍ക്കും എല്‍എല്‍ബി ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവര്‍ എംബിഎ ഡിഗ്രിക്കാരാണ്. രമേഷ് ചന്ദ് മീണയാണ് ഏക എന്‍ജിനീയറിങ് ബിരുദധാരി.

എല്‍എല്‍എബി, എക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം, സയന്‍സില്‍ ബിരുദം എന്നിവയാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. യുഎസിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ യോഗ്യതകള്‍.

ഉദയ് ലാല്‍, അര്‍ജുന്‍ ബാംനിയ (ഡിഗ്രി പൂര്‍ത്തിയാക്കിയില്ല), ഭജന്‍ലാല്‍ ജാദവ് (പത്താം ക്ലാസ്), അഞ്ചു പേര്‍ക്കു സീനിയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണു മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത.

Related posts