മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്! മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട അതേ രീതിയില്‍ നരേന്ദ്രമോദിയേയും കൊല്ലാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി പൂനെ പോലീസിന്റെ വെളിപ്പെടുത്തല്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട അതേ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൊല്ലാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി പൂനെ പോലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യം വെളിവാക്കുന്ന കത്ത് പോലീസിന് ലഭിച്ചു എന്നാണ് കോടതിയെ അറിയിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് നിര്‍ണായക സൂചന നല്‍കുന്ന കത്ത് കണ്ടു കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എം 4 റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുള്ളതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃകയില്‍ മറ്റൊരു വധത്തെ കുറിച്ചും കത്തില്‍ സൂചനയുണ്ടെന്നും പറയുന്നു.

‘മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം. പരാജയപ്പെടുകയും ചെയ്യാം. എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കണം’, കത്തില്‍ പറയുന്നു.

Related posts