ഇതാണ് ഇന്ത്യ, രോഗിക്ക് ഭക്ഷണം വിളമ്പിയത് ആശുപത്രിയിലെ തറയില്‍! പ്ലേറ്റ് ഇല്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്ന് ജീവനക്കാരന്‍

ranchi 2 പ്ലേറ്റില്ലെന്ന കാരണത്താല്‍ മാലിന്യം നിറഞ്ഞ തറയില്‍ ഭക്ഷണം വിളമ്പി നല്കുക, എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങള്‍. എങ്കില്‍ അതു സംഭവിച്ചിരിക്കുന്നു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് രാജ്യത്തിന്റെ മാനം കപ്പല്‍ കയറ്റുന്ന സംഭവം. ഒരു രോഗി ആശുപത്രി വരാന്തയിലെ വെറും തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം ദൈനിക് ഭാസ്കര്‍ ദിനപത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആദിവാസി മേഖലയിലെ ഏതെങ്കിലുമൊരു ഹെല്‍ത്ത് സെന്ററിലോ സ്വകാര്യ ആശുപത്രിയിലോ അല്ല ഇത് സംഭവിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പ്രാകൃതമായ വിളമ്പല്‍.

പല്‍മതി ദേവി എന്ന രോഗിക്കാണ് ഈ ദുരാവസ്ഥ നേരിടേണ്ടിവന്നത്. ഒടിഞ്ഞ കൈയ്ക്ക് ചികിത്സയ്ക്കായി എത്തിയതായിരുന്നു പല്‍മതി. ഓര്‍ത്തോപീഡിയക് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന നിര്‍ധനയായ അവര്‍ പ്ലേറ്റ് വീട്ടില്‍നിന്നു കൊണ്ടുവന്നിരുന്നില്ല. ആശുപത്രി ജീവനക്കാരോട് പ്ലേറ്റ് ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇവിടെ പ്ലേറ്റൊന്നും ഇല്ലെന്നായിരുന്നു ജീവനക്കാരുടെ ധിക്കാരം നിറഞ്ഞ മറുപടി. അതോടെയാണ് വെറും നിലത്തു വിളമ്പിയ ചോറും കറികളും കഴിക്കാന്‍ പല്‍മതി നിര്‍ബന്ധിതയായത്.

സംഭവം വിവാദമായതോടെ ആശുപത്രി ഡയറക്ടര്‍ ബി.എല്‍. ഷെര്‍വാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥിരമായി സംഭവിക്കുന്ന കാര്യങ്ങളല്ല ആശുപത്രിയില്‍ നടന്നതെന്നും ജീവനക്കാരന്റെ അശ്രദ്ധ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വര്‍ഷം 300 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ആശുപത്രിക്കായി മുടക്കുന്നതെന്നുകൂടി ചേര്‍ത്തുവച്ച് വായിക്കണം. ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ഭര്‍ത്താവ് കിലോമീറ്ററുകളോളം നടന്നത് കഴിഞ്ഞ മാസമായിരുന്നു.

Related posts