പതിനാലു വയസുമാത്രം പ്രായമുണ്ടായിരുന്ന മകളെ ബലാല്‍സംഗം ചെയ്യാന്‍ അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല; പണത്തിനു മുട്ടുണ്ടായപ്പോള്‍ അയാള്‍ കണ്ടുപിടിച്ച മാര്‍ഗം എന്നെ വില്‍ക്കുക എന്നതായിരുന്നു; തകര്‍ച്ചയില്‍ നിന്നും ജീവിതം കരുപ്പിടിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ പൊള്ളുന്ന വാക്കുകള്‍…

അടുത്ത ബന്ധുക്കള്‍ പോലും ചെകുത്താന്‍മാരായി മാറുന്ന കാലമാണിത്. തലശ്ശേരി സ്വദേശിയായ രഹ്നയും ഇത്തരമൊരു അനുഭവത്തിന്റെ ഇരയാണ്. സ്വന്തം പിതാവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അവള്‍ക്ക് പ്രായം 14. എന്നാല്‍ അയാളുടെ ക്രൂരത അതു കൊണ്ട് അവസാനിച്ചില്ല. പണത്തിനായി മറ്റു പതിനൊന്നു പുരുഷന്മാര്‍ക്കു കൂടി അവളെ കാഴ്ച വയ്ക്കുകയാണ് ആ നീചന്‍ ചെയ്തത്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പത്തു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അയാള്‍. ഇരയെന്ന ലേബലില്‍ ജീവിതത്തില്‍ ഓടിയൊളിക്കാന്‍ അവള്‍ക്കു താല്‍പര്യമില്ലായിരുന്നു. അതിനാല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് അവള്‍ തന്നെ തുറന്നു പറയുകയാണ്.

” ഞാന്‍ ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു വാപ്പയ്ക്ക്. ഇപ്പോള്‍ ഞാന്‍ അയാളെ വാപ്പ എന്നു വിളിക്കാറില്ല. അയാള്‍ തന്നെയാണ് ആ വിളി എന്റെ നാക്കിന്‍ത്തുമ്പില്‍ നിന്നു മുറിച്ചു മാറ്റിയത്. മൈക്ക് അനൗണ്‍സ്മെന്റായിരുന്നു അയാളുടെ ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോള്‍ സീസണില്‍ മാത്രമായി പണി. രാവിലെ യൂണിഫോമിട്ട് സ്‌കൂളില്‍ പോകാന്‍ തിടുക്കപ്പെടുമ്പോഴായിരിക്കും അയാള്‍ കുടിച്ചു വരുന്നത്. പിന്നെ, എന്നെയും ഉമ്മയേയും ക്രൂരമായി അടിക്കും. അതു സഹിക്കാനാകാതെ ഞങ്ങള്‍ ഉറക്കെ നിലവിളിക്കും. വല്ലപ്പോഴും മാത്രം ചെല്ലുന്നതു കൊണ്ട് സ്‌കൂളില്‍ ‘മാവേലി’ എന്നായിരുന്നു എന്റെ വിളിപ്പേര്.”

” ഉമ്മ പാവമായിരുന്നു. വിദ്യാഭ്യാസമൊന്നുമില്ലാത്ത വീട്ടമ്മ. എനിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം അയാള്‍ തുടങ്ങിയത്. ആദ്യം എനിക്കതു മനസ്സിലായില്ല. പിന്നെ, എന്റെയുള്ളിലെ പെണ്ണിരുന്ന് ‘ഇത് വാപ്പാന്റെ സ്നേഹമല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ഉമ്മാനോട് സംശയം പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. ഒരിക്കല്‍ ബലമായി എന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വീടു വിട്ടോടി. തിരിച്ചു വന്നപ്പോള്‍ അയാളെന്റെയും അനിയന്റെയും തലയില്‍ത്തൊട്ട് ഇതൊന്നും ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്തു. ഒന്‍പതാം ക്ലാസ്സിന്റെ തുടക്കത്തില്‍ത്തന്നെ എന്റെ പഠിപ്പ് നിര്‍ത്തി.

വീട്ടില്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നു പറഞ്ഞ് പപ്പടം പണിക്ക് പറഞ്ഞു വിട്ടു. പിന്നെ, തുണിക്കടയില്‍, വീടുകളില്‍ അടുക്കളപ്പണിക്ക്… ഒരിടത്തു നിന്നും ശമ്പളം എന്റെ കൈയില്‍ കിട്ടില്ല. അതു മുന്‍കൂറായി വാങ്ങി കൊണ്ടുപോയിട്ടുണ്ടാകും അയാള്‍.” രഹ്നാസ് പറയുന്നു.” നമുക്ക് പൈസയില്ല, വീട് ബുദ്ധിമുട്ടിലാണ്, രഹ്നാസ് നീ ചാരിച്ചാല്‍ പൈസയുണ്ടാക്കാന്‍ സാധിക്കും’ എന്നൊക്കെ ഒരു ദിവസം പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ ചില ലൈംഗിക തൊഴിലാളികളുണ്ട്. അവരുടെ പേരെല്ലാം പറഞ്ഞ് ഞാന്‍ അങ്ങനെയാകണം എന്നൊരു ദിവസം അയാള്‍ പറഞ്ഞു. അന്നേരം ഞാനും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അതു കേട്ട് ഞാന്‍ വഴക്കിട്ടു. വീണ്ടും അയാള്‍ ക്ഷമ പറഞ്ഞു. ഒരിക്കലും ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന് ആണയിട്ടു. ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന തയ്യല്‍ക്കടയിലേക്ക് അയാളുടെ ഫോണ്‍ വന്നു. ‘ഒരു കാസറ്റ് റിക്കോര്‍ഡിങ്ങിന് കണ്ണൂര് പോണം’ എന്നു പറഞ്ഞ്.

ഞാന്‍ പെട്ടെന്നു തയാറായി ഇരിക്കൂര്‍ പാലത്തിന്റെയരികില്‍ കാത്തു നിന്നു. അയാളും വേറൊരാളും കൂടി വന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി. അന്നയാള്‍ ആദ്യമായി എന്നെ മറ്റൊരാള്‍ക്കു വിറ്റു. ഒരു അച്ഛന്‍ അന്നത്തിന് കണ്ടുപിടിച്ച മാര്‍ഗം. എന്റെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. ഞാന്‍ കരഞ്ഞു കൊണ്ടേയിരുന്നു. തിരിച്ചു വന്നിട്ട് ഉമ്മായോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഞങ്ങള്‍ അഞ്ചു പേരും വലിയ വായില്‍ കരഞ്ഞു. പക്ഷേ, ആരും വന്നില്ല. പിറ്റേന്നു കാലത്ത് അയാള്‍ കുടിക്കാന്‍ പോയപ്പോള്‍ സഹതാപം പറയാന്‍ പലരും വന്നു. അതുകൊണ്ടെന്താണ് നേട്ടം?

അന്നൊരു വിരല്‍ത്തുമ്പ് കിട്ടിയാല്‍പ്പോലും ഞാന്‍ പിടിച്ചു കയറുമായിരുന്നു. കരഞ്ഞും നൊന്തും ജീവിതത്തിന്റെ വലിയൊരു ഭാഗം തള്ളി നീക്കേണ്ടി വരില്ലായിരുന്നു.” രഹ്നാസ് പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ നേരിട്ട തിരിച്ചടികളില്‍ തളരാന്‍ രഹ്നാസ് ഒരുക്കമായിരുന്നില്ല ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുള്ള ഈ പെണ്‍കുട്ടി എല്‍എല്‍ബി പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. ഇപ്പോള്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉറ്റവരുടെയടക്കമുള്ള ചതികളില്‍പെട്ട് തകര്‍ന്നു പോകുന്നവര്‍ക്ക് പ്രചോദനമാവുകയാണ് രഹ്നാസിന്റെ ജീവിതം.

Related posts