തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് കേസിൽ വിധി പ്രസ്താവിച്ചത്. അമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കുറ്റം തെളിഞ്ഞത്.
പിഴത്തുക പൂർണമായും പതിനഞ്ചുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി നാല് മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണം.
സ്കൂൾവിട്ട് പുറത്തിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതറിഞ്ഞ പ്രതി, കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാത്രിയോടെ പൊലീസെത്തി പ്രതിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
പെൺകുട്ടിയെ പ്രതി പലതവണ പ്രണയം നടിച്ച് ശല്യപ്പെടുത്തിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായി.
