ഇന്റേൺഷിപ്പ് ചെയ്യുന്ന യുവാവിന് ശമ്പളം നൽകിയില്ലെന്ന ആരോപണമുയർന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിന് ട്രോൾ ട്രെൻഡിലൂടെ മറുപടി നൽകി മക്ഡോണാൾഡ്സ് ഇന്ത്യ. ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കമ്പനി രസകരമായ മറുപടിയുമായി രംഗത്തെത്തിയത്.
സെപ്റ്റംബർ 6നാണ് മക്ഡോണാൾഡ്സ് ഇന്ത്യയുടെ ഔദ്യോഗിക പേജിൽ നിന്നെന്ന രീതിയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. 2025 ഡിസംബർ മുതൽ അമിത് ജോഷി എന്ന മാനേജർ തനിക്ക് ശമ്പളം നൽകിയിട്ടില്ലെന്ന് ഇന്റേൺ ആരോപിക്കുന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
തുടർന്നാണ് കയ്യിൽ ഫോണുമായി സങ്കടപ്പെട്ടിരിക്കുന്ന ഒരു നായയുടെ ചിത്രം പങ്കുവെച്ച് കമ്പനി ട്രോൾ രൂപത്തിൽ മറുപടി നൽകിയത്. “ഞങ്ങളുടെ യഥാർഥ പോസ്റ്റുകൾ ഇതുപോലെ വൈറലായിരുന്നെങ്കിൽ!”എന്ന കുറിപ്പോടെയാണ് മക്ഡോണാൾഡ്സ് മറുപടി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം വ്യാജ വാർത്തയാണെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയിരുന്നു.
പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും കമ്പനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും മക്ഡോണാൾഡ്സ് ഇന്ത്യ വ്യക്തമാക്കി. ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ഇത്തരമൊരു പോസ്റ്റ് പോയിട്ടില്ലെന്നും, ചിത്രം വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമാണെന്നും കമ്പനി വക്താക്കൾ അറിയിച്ചു. വ്യാജവും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു.

