ഞാന്‍ ലഹരി കണ്ടെത്തുന്നത് ക്രിക്കറ്റില്‍; ടീമിന്റെ വിജയാഘോഷത്തിനിടെ മദ്യം നിരസിച്ച് സണ്‍റൈസേഴ്‌സിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍; വീഡിയോ കാണാം…

ഇത്തവണത്തെ ഐപിഎലില്‍ ഏറ്റവുമധികം തിളങ്ങിയ താരങ്ങളിലൊരാളാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വരെ പ്രശംസ പിടിച്ചു പറ്റാനും റാഷിദ് ഖാനുമായി. ഐപിഎല്‍ ഫൈനലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റെങ്കിലും.

ക്വാളിഫയര്‍ രണ്ടില്‍ കോല്‍ക്കട്ട നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഫൈനല്‍ വരെയെത്താന്‍ സഹായകമായത് റാഷിദ് ഖാന്റെ പ്രകടനമാണ്. 10 ബോളില്‍ 34 റണ്‍സ് അടിച്ചുകൂട്ടുകയും 3 വിക്കറ്റ് നേടുകയും ചെയ്താണ് റാഷിദ് കോല്‍ക്കട്ടയെ തോല്‍പ്പിച്ചത്.

ഈ മത്സരത്തിന്റെ വിജയം ടീമംഗങ്ങള്‍ ആഘോഷിച്ചപ്പോള്‍ കണ്ടത് വ്യത്യസ്ഥനായ റാഷിദ് ഖാനെയാണ്. കേക്ക് മുറിച്ചും ഷാംപെയ്ന്‍ ഒഴുക്കിയും ആഘോഷം ഗംഭീരമാക്കി. എന്നാല്‍ തനിക്ക് നേരെ നീട്ടിയ ഷാംപെയ്ന്‍ റാഷിദ് ഖാന്‍ നിരസിച്ച വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മദ്യം ഇസ്ലാമില്‍ നിഷിദ്ധമായത് കൊണ്ടാണ് അദ്ദേഹം മദ്യം നിരസിച്ചത്. കൂടാതെ റമദാന്‍ മാസമായതു കൊണ്ടും അദ്ദേഹം ഞെട്ടലോടെയാണ് മദ്യം നിരസിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മതവിശ്വാസത്തെ ബഹുമാനത്തോടെയാണ് റാഷിദ് കാണുന്നതെന്ന് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. അഫ്ഗാനു വേണ്ടി 2 വര്‍ഷങ്ങള്‍ക്കു മുന്‍പ് റാഷിദ് ഖാന്‍ കളത്തിലിറങ്ങുമ്പോള്‍ മണ്ണില്‍ നിന്നു പതിയെ ഉയര്‍ന്നു തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് എന്ന ചെറു ചെടിയില്‍ നാമ്പിട്ട ചെറു മുകുളങ്ങളിലൊന്നു മാത്രമായിരുന്നു.

അയര്‍ലന്‍ഡിനെതിരേ ഒരു ട്വന്റി20യില്‍ മൂന്നു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെത്തന്നെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റ് വീഴ്ത്തുന്ന കളിക്കാരനുമായി.

ആ പ്രകടനത്തിന്റെ പ്രതിഫലനമെന്നോണം 4 കോടി എന്ന കൂറ്റന്‍ തുകക്ക് റാഷിദ് ഖാനെ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍ റൈസേഴ്‌സ് ഹൈദ്രാബാദ് റാഞ്ചി, അങ്ങനെ ഐ പി എല്‍ കളിക്കുന്ന ആദ്യ അഫ്ഗാന്‍ കളിക്കാരനുമായി മാറി റാഷിദ് ഖാന്‍.

2017സീസണിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇത്തവണ ഒമ്പതു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് താരത്തെ നിലനിര്‍ത്തിയത്. റാഷിദിന്റെ മനോഭാവത്തിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്.

Related posts