പ്രളയത്തിനു ശേഷം ബാക്ടീരിയകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു;എലിപ്പനിയുടെ മരണസാധ്യത 20 ശതമാനം വരെയായി;മുമ്പ് 8-10 ദിവസങ്ങള്‍ കൊണ്ട് ഗുരുതരമാകുന്ന രോഗം ഇപ്പോള്‍ നാലു ദിവസത്തിനകം ആളുടെ ജീവനെടുക്കും…

തിരുവനന്തപുരം:വന്‍ദുരന്തം വിതച്ച മഹാപ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി എലിപ്പനി വ്യാപിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത തീവ്രസ്വഭാവം കൈവരിച്ച ബാക്ടീരിയകളാണ് എലിപ്പനിയെ അതീവ ഗുരുതരമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രതിഭാസത്തെപ്പറ്റി പഠിക്കാന്‍ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വിദഗ്ധര്‍ കേരളത്തിലെത്തും. മുമ്പ് എലിപ്പനി ബാധിച്ചാല്‍ 8-10 ദിവസങ്ങള്‍ കൊണ്ടാണു രോഗം ഗുരുതരമായിരുന്നത്. എന്നാല്‍, ഇപ്പോള്‍ നാലുദിവസത്തിനകം ജീവനെടുക്കുന്ന തരത്തിലിലേക്ക് ഇതിന്റെ തീവ്രത വര്‍ദ്ധിച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കകം എടുക്കുന്ന രക്ത സാമ്പിളില്‍നിന്നേ എലിപ്പനി കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇപ്പോള്‍ പടരുന്ന എലിപ്പനി ബാക്ടീരിയ വളരെപ്പെട്ടെന്ന് ആന്തരാവയവങ്ങളെ ബാധിക്കുന്നു. നിലവില്‍ 20% വരെ മരണസാധ്യതയുള്ള രോഗമായി എലിപ്പനി മാറി. കേരളത്തില്‍ എലിപ്പനി ഭീഷണിയായി മാറിയത് 1993 മുതലാണ്. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് അതിവേഗം കൂടുന്നതിനാലാണ് എലിപ്പനിയെ ഗൗരവപഠനത്തിനു വിധേയമാക്കുന്നത്.

പ്രളയബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ദിവസങ്ങളായി പഠനം നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നു. എലിപ്പനി ബാക്ടീരിയകള്‍ക്കു കൈവന്ന തീവ്രസ്വഭാവമാറ്റത്തെപ്പറ്റി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, കോഴിക്കോട് മെഡിക്കല്‍ കോളജ്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലും പഠനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു ഡബ്ല്യു.എച്ച്.ഒ. വിദഗ്ധരും കേരളത്തിലെത്തി പഠനത്തിനൊരുങ്ങുന്നത്.

പ്രളയബാധിതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. എന്നാല്‍, ഇതുസംബന്ധിച്ചു സംസ്ഥാനസര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പ്രളയശേഷം ആദ്യദിവസങ്ങളില്‍ ശുചീകരണത്തിന് ഇറങ്ങിയവര്‍ക്കു വ്യക്തമായ മുന്‍കരുതല്‍ നിര്‍ദേശം ലഭിച്ചിരുന്നില്ല. പ്രതിരോധചികിത്സയും വൈകി. പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന അറിയിപ്പ് ആദ്യ ദിവസങ്ങളില്‍ ജനം കാര്യമായെടുക്കാതിരുന്നതും രോഗം പടരാന്‍ കാരണമായി. രോഗം നിയന്ത്രിക്കാന്‍ ഉടനടി ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുറപ്പാണ്.

Related posts