ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ആയി തെരഞ്ഞെടതുക്കപ്പെട്ട ജനറൽ ബിപിൻ റാവത്തിനെ അഭിനന്ദിച്ച് യുഎസ്. അമേരിക്ക-ഇന്ത്യ സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് ഉത്തേജനം നൽകാൻ റാവത്തിന്റെ സ്ഥാനലബ്ദി കാരണമാകുമെന്ന് യുഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയും ബിപിൻ റാവത്തിനെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ ജനറൽ റാവത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ സ്ഥാനപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകൾക്കായി കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മാലിദ്വീപും റാവത്തിനെ അഭിന്ദിച്ച് രംഗത്തുവന്നിരുന്നു.
കരസേനാ മേധാവി സ്ഥാനത്തു നിന്നു ഇന്നു വിരമിക്കാനിരിക്കെയാണ് ഇന്നലെ റാവത്തിനെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിച്ചത്. ഇന്ത്യയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആകുന്ന ആദ്യത്തെ സൈനിക മേധാവിയായ ബിപിൻ റാവത്ത് ഇന്നു ചുമതലയേൽക്കും.
സംയുക്ത സൈനിക പരിശീലനം, കര, വ്യോമ, നാവിക സേനകൾക്കുള്ള ആയുധങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആണ് തീരുമാനം എടുക്കുന്നത്. ഇതുവരെ സംയുക്ത പ്രതിരോധ സ്റ്റാഫ് മേധാവിയായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നത്.
മൂന്നു സേനാ വിഭാഗ ങ്ങളുടെയും സൈനിക സ്കൂളുകൾ ഉൾപ്പടെയുള്ളവയുടെയും ചുമതലയും ഇനിമുതൽ സിഡിഎസിനാണ്. എന്നാൽ, സിഡിഎസിന് സൈനിക നീക്കങ്ങൾക്ക് ഉ ത്തരവിടാനോ അത്തരം നീക്കങ്ങളുടെ ചുമതലയോ ഉണ്ടാകില്ല. സിഡിഎസ് പദവിയിൽ നിന്നു വിരമിച്ചു കഴിഞ്ഞാൽ പിന്നെ മറ്റൊരു സർക്കാർ പദവികളിലും തുടരാനും കഴിയില്ല.
കര, നാവിക, വ്യോമ സേനാ മേധാവികൾക്കു തുല്യമായി നാലു സ്റ്റാർ ഉള്ള ജനറൽ പദവിയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റേത്. അതേസമയം, പ്രോ ട്ടോക്കോൾ പ്രകാരം സൈനിക മേധാവിയേക്കാൾ മുകളിലായിരിക്കും സ്ഥാനം. സേനാ മേധാവികൾക്കൊപ്പം സമൻമാരിൽ മുന്പൻ എന്നതായിരിക്കും രീതി. സൈന്യവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ പ്രധാന ഉപദേശകനായിരിക്കും സിഡിഎസ്. 62 വയസോ, പദവിയിൽ മൂന്നു വർഷമോ എതാണ് ആദ്യം പൂർത്തിയാകുന്നത്, അതാണു സൈനിക മേധാവിമാരുടെ കാലാവധി. എന്നാൽ, സിഡിഎസിന്റെ കാലാവധി സർക്കാർ കൃത്യമായി നിശ്ചയിച്ചിട്ടില്ല.