കുയില്‍നാദം പൊഴിച്ച് പറക്കാന്‍ ‘ഒനോണ്‍’ ഇനിയില്ല ! ഭൂമിയുടെ ചുറ്റളവിനു സമമായ ദൂരം സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ച പക്ഷിയുടെ വേര്‍പാടില്‍ ദുഃഖിച്ച് പ്രകൃതിസ്‌നേഹികള്‍…

കാഴ്ചയില്‍ ഒരു സാധാരണ കുയിലായിരുന്നെങ്കിലും പ്രവൃത്തിയില്‍ ‘ഒനോണ്‍’ ഒരു അസാധാരണനായിരുന്നു. കരയിലുള്ള പക്ഷികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോര്‍ഡാണ് ഒനോണ്‍ നേടിയത്.

വെറും ആറു മാസങ്ങള്‍ കൊണ്ട് 17 രാജ്യങ്ങളും 30 രാജ്യാതിര്‍ത്തികളും പിന്നിട്ട് 40,000 കി.മീ ദൂരം പറന്നാണ് ഒനോണ്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലെഴുതിയത്. യാത്രയ്ക്കിടയില്‍ മൂന്ന് തവണയാണ് അറേബ്യന്‍ സമുദ്രം കടന്നത്.

മടക്കയാത്രയില്‍ രണ്ടര ദിവസം കൊണ്ട് അറേബ്യന്‍ സമുദ്രം പിന്നിട്ട് യെമനില്‍ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്‌നല്‍ ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഗവേഷകര്‍ക്ക് ലഭിച്ചത്.

തുടര്‍ന്ന് കുറേദിവസം കൂടി നിരീക്ഷിച്ച ശേഷം പക്ഷി ജീവനോടെയില്ലെന്ന സത്യം ഗവേഷകര്‍ പുറത്തു വിടുകയായിരുന്നു.

കഴിഞ്ഞ ദിവസം വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകര്‍ക്ക് ലഭിക്കാതായതോടെയാണ് ഓനോണ്‍ ഇനിയില്ല എന്ന സത്യം ഗവേഷകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

തന്റെ വാസസ്ഥലമായ സാംബിയയില്‍ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ് ഓനോണ്‍ ദേശാടനം ആരംഭിച്ചത്.

നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ശക്തമായ കാറ്റും പ്രതികൂലമായ കാലാവസ്ഥകളുമെല്ലാം അതിജീവിച്ച്, ഒരു സമുദ്രവും കടന്ന നീണ്ട ദേശാടനം അവസാനിച്ചത് മംഗോളിയയിലാണ്.

കഴിഞ്ഞ വര്‍ഷം ഓനോണ്‍ അടക്കം അഞ്ച് കുയിലുകളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനായി ഗവേഷകര്‍ അവയുടെ ശരീരത്തില്‍ സാറ്റ്ലെറ്റ് ടാഗുകള്‍ ഘടിപ്പിച്ചിരുന്നു.

ഇതിലൂടെയാണ് ഇത്രയും നീണ്ട ദേശാടനം ഓനോണ്‍ നടത്തിയെന്നു കണ്ടെത്തിയത്. മംഗോളിയയിലെ ഗവേഷകരും ബ്രിട്ടിഷ് ട്രസ്റ്റ് ഫോര്‍ ഓര്‍ണിത്തോളജിയും സംയുക്തമായാണ് മംഗോളിയ കുക്കു പ്രോജക്ട് എന്ന പേരില്‍ കുയിലുകളുടെ സഞ്ചാരത്തെക്കുറിച്ച് പഠനം നടത്തിയത്.

2019 ജൂണിലാണ് ഓനോണിന് സാറ്റ്ലെറ്റ് ടാഗ് നല്‍കിയത്. 17 രാജ്യങ്ങളും 30 അതിര്‍ത്തികളും കടന്ന് 40000 കിലോമീറ്റര്‍ ദൂരം അതിനുശേഷം ഓനോണ്‍ സഞ്ചരിച്ചു.

സഞ്ചാരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകള്‍ ഒനോണ്‍ പറന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മണിക്കൂറില്‍ ശരാശരി 60 കിലോമീറ്റര്‍ വേഗത്തിലാണ് ടാന്‍സാനിയ, കെനിയ, സോമാലിയ എന്നീ പ്രദേശങ്ങളിലൂടെ ഓനോണ്‍ സഞ്ചരിച്ചത്. അറബിക്കടല്‍ കടന്നശേഷം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുകളിലൂടെ വളരെ വേഗത്തില്‍ പറന്നു നീങ്ങി.

അതിനുശേഷം ചൈനയും ബര്‍മയുമെല്ലാം കടന്നാണ് പ്രജനനം നടത്തുന്നതിനായി ഓനോണ്‍ മംഗോളിയയില്‍ എത്തിച്ചേര്‍ന്നത്.

ഓനോണിനൊപ്പം സാറ്റ്ലെറ്റ് ടാഗുകള്‍ നല്‍കിയ മറ്റ് നാലു കുയിലുകള്‍ക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചില്ലായിരുന്നു.

മടക്കയാത്രയില്‍ ഇന്ത്യയിലെ രാജസ്ഥാനും ബിഹാറുമുള്‍പ്പെടെ മിക്ക പ്രദേശങ്ങളിലൂടെയും ഓനോണ്‍ സഞ്ചരിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പിന്നിട്ട് 5426 കിലോമീറ്റര്‍ സഞ്ചരിച്ച് ഓനോണ്‍ രാജസ്ഥാനിലെത്തിയത് സെപ്റ്റംബര്‍ 24 നായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ യെമനിലേക്കുള്ള യാത്ര തുടങ്ങി. അറേബ്യന്‍ സമുദ്രം താണ്ടാന്‍ ഓനോണിന് വേണ്ടി വന്നത് വെറും രണ്ടര ദിവസം മാത്രമാണ്.

65 മണിക്കൂറിനുള്ളില്‍ 3500 കിലോമീറ്റനാണ് ഓനോണ്‍ സമുദ്രത്തിനു മുകളിലൂടെ പറന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓനോണിന്റെ സഞ്ചാരമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് തെക്കന്‍ യമനില്‍ പറന്നിറങ്ങി.

രണ്ടര ദിവസം നിര്‍ത്താതെ പറന്നതിനു ശേഷം വിശ്രമിക്കാനും ആഹാരം തേടാനുമാകും ഇനിയുള്ള ദിവസങ്ങള്‍ യമനില്‍ ചിലവഴിക്കുകയെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

ലക്ഷ്യസ്ഥാനത്ത് ദേശാടനം കഴിഞ്ഞ് തിരിച്ചെത്താന്‍ ഇനിയും ഏറെദൂരം പിന്നിടാനുണ്ടയിരുന്നു ഓനോണിന്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഓനോണിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ടാഗില്‍ നിന്ന് സിഗ്‌നല്‍ കിട്ടാതായി.

ഈ റിപ്പോര്‍ട്ട് ബേര്‍ഡിംഗ് ബെയ്ജിംഗിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള പക്ഷി സ്‌നേഹികളെ അത് ദുഃഖത്തിലാക്കി.

ചിലപ്പോള്‍ ഭക്ഷണമന്വേഷിച്ച് താഴ്ന്ന് പറക്കുന്നതിനാലാവാം സിഗ്‌നല്‍ കിട്ടാതായതെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

എന്നാല്‍ കുറേ ദിവസം കൂടി നിരീക്ഷിച്ച ശേഷം ഗവേഷകര്‍ ആ ദുഃഖകരമായ സത്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു.

ഓനോണില്‍ നിന്നുള്ള സിഗ്‌നലുകള്‍ കണ്ടെത്താനായി കണ്ണും നട്ട് കാത്തിരുന്ന ഗവേഷകര്‍ക്കും ആ കുഞ്ഞു പക്ഷിക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയുമായി കാത്തിരുന്ന പ്രകൃതി സ്‌നേഹികള്‍ക്കും നൊമ്പരമായി ഓനോണിന്റെ വേര്‍പാട്.

Related posts

Leave a Comment