മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രതികരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. പോലീസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി വാദം കേൾക്കും.

ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് പിന്നാലെ മലചവിട്ടാൻ എത്തിയതോടെയാണ് രഹന വാർത്തകളിൽ നിറഞ്ഞത്. പോലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്.

ഇതിനിടെ രഹന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ജാമ്യഹർജിയെ പോലീസ് ശക്തമായി എതിർത്തതോടെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഎസ്എൻഎൽ ജീവനക്കാരിയാണ് രഹന. വിവാദങ്ങൾക്ക് പിന്നാലെ ബിഎസ്എൻഎലും രഹനയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Related posts