കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നു. ഇതോടെ ജില്ലയിലെ 10 റസ്റ്റ് ഹൗസുകൾക്ക് ജനകീയ മുഖം കൈവരും.
രാഷ്ട്രീയക്കാരും നേതാക്കളും തന്പടിച്ചിരുന്ന റസ്റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കു കുറഞ്ഞ ചെലവിൽ താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ടാകും.
റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നതിനൊപ്പം ഇന്നുമുതൽ പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ പാകത്തിന് ഓണ്‍ലൈൻ സംവിധാനവും നിലവിൽ വരും.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നിയമസഭയിലാണ് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറ്റുമെന്നു പ്രഖ്യാപിച്ചത്.
നിലവിൽ ജില്ലയിൽ 10 റസ്റ്റ് ഹൗസുകളാണുള്ളത്. കോട്ടയം, ചങ്ങനാശേരി, പാലാ, അരുണാപുരം, കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് റസ്റ്റ് ഹൗസുകളുള്ളത്.
ഇതിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി എന്നിവയാണ് ഫസ്റ്റ് ക്ലാസ് റസ്റ്റ് ഹൗസുകൾ.പൊതുജനങ്ങൾക്ക് ബുക്കിംഗ് സൗകര്യം നേരത്തെയുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് നിർത്തിയിരുന്നു.
ഇന്നുമുതൽ വീണ്ടും തുടങ്ങുകയാണ്. പൊതുജനങ്ങൾക്ക് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം നിലവിലെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനും പദ്ധതിയുണ്ട്.
ഒപ്പം ഭക്ഷണശാലയും കംഫർട്ട് സ്റ്റേഷനും നിർമിക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭക്ഷണസൗകര്യവും കംഫർട്ട് സ്റ്റേഷനും നിർമിക്കുന്നത്.
വിഐപി, പിഡബ്ല്യുഡി റൂമുകൾ ഒഴിവാക്കിയാണ് ബുക്കിംഗ് നടത്തുന്നത്. എ ക്ലാസ് റൂമുകൾക്ക് 600 രൂപയും ബി ക്ലാസ് റൂമുകൾക്ക് 400 രൂപയുമാണ് ചാർജ്. ഫസ്റ്റ് ക്ലാസ് റസ്റ്റ് ഹൗസുകളിലെ സ്യൂട്ട് റൂമുകൾക്ക് 1000 രൂപയാണ് ചാർജ്.
resthouse.pwd.kerala.gov.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായിട്ടു റൂമുകൾ ബുക്കു ചെയ്യാം.കോട്ടയം-23, ചങ്ങനാശേരി-14, വൈക്കം-14, അരുണാപുരം-ഒന്‍പത്, കടുത്തുരുത്തി-ആറ്, ഈരാറ്റുപേട്ട-ആറ്, പാലാ-നാല്, മുണ്ടക്കയം-നാല്, എരുമേലി-നാല്, കാഞ്ഞിരപ്പളളി-മൂന്ന് എന്നിങ്ങനെയാണ് റസ്റ്റ് ഹൗസുകളിലെ റൂമുകളുടെ എണ്ണം.
എസി, നോണ്‍ എസി റൂമുകളും എല്ലായിടത്തുമുണ്ട്. ഫസ്റ്റ് ക്ലാസ് റസ്റ്റ് ഹൗസുകളിൽ ഒരു മാനേജരും താത്കാലിക ജീവനക്കാരുമാണുള്ളത്. സെക്കൻഡ് ക്ലാസ് റസ്റ്റ് ഹൗസുകളിൽ ഒരു കെയർ ടേക്കറാണുള്ളത്.
എല്ലാ റസ്റ്റ് ഹൗസുകളിലും വിശാലമായ പാർക്കിംഗ് സംവിധാനവുമുണ്ട്. വൈക്കം റസ്റ്റ് ഹൗസ് ബോട്ടുജെട്ടിയിൽ കായലോരത്ത് പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
നഗര തിരക്കുകളിൽനിന്നും മാറി കാഞ്ഞിരപ്പള്ളിയിൽ കുന്നുംഭാഗത്താണ് റസ്റ്റ് ഹൗസ്. ഏറ്റവും പുതിയതായി പണികഴിപ്പിച്ചതാണു പാലാ അരുണാപുരത്തെ പുതിയ റസ്റ്റ് ഹൗസ്.
ഡോർമെറ്ററി, ഡൈനിംഗ് ഹാൾ സംവിധാനം ഇവിടെയുണ്ട്. കോട്ടയത്തേതാണ് ഏറ്റവും പഴക്കമുള്ള റസ്റ്റ് ഹൗസ്. വാഗമണ്‍ റോഡിൽ തീക്കോയി പഞ്ചായത്തിൽ വഴിക്കടവിലും എംസി റോഡിൽ ഏറ്റുമാനൂർ ഭാഗത്തും പുതിയ റസ്റ്റ് ഹൗസ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിനു പദ്ധതിയുണ്ട്.