കൊച്ചി: റിട്ട. അധ്യാപികയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്ന് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം.ഇടപ്പള്ളി കാമ്പിയന്‍ സ്കൂളിനു സമീപം പ്രതീക്ഷാനഗര്‍ റസിഡന്‍സ് അസോസിയേഷന് (പിആര്‍എ) 16ല്‍ സപ്തസ്വരവീട്ടില് വനജ (70) യെയാണ് ഇന്നലെ രാത്രി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. എളമക്കര പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഇന്നലെ തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.ഇവരുടെ ഇടതുകൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭര്‍ത്താവ് മരിച്ച വനജ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എളമക്കര പോലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലികഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കള്‍ വാതില്‍ തുറന്നപ്പോള്‍ തളംകെട്ടിക്കിടക്കുന്ന രക്തത്തില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്.
കത്തിയും മൃതദേഹത്തിനരികില്‍ കിടപ്പുണ്ടായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും ഈ മുറിയില്‍ തന്നെയുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് മാത്രമേ പൂട്ടിയിടാറുള്ളു. വനജയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടാറില്ല. സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകള്‍ കാരണം വീടിനുപുറത്തേക്ക് ഇറങ്ങാറുണ്ടായിരുന്നില്ല.
