പ്രചരിക്കുന്ന വീഡിയോയിലെ ഗായിക റിമി ടോമിയല്ല! നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി ഗായിക റിമി ടോമിയുടെ ഭര്‍ത്താവ് റോയിസ്

പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ ആളുകളില്‍ പരത്തുന്ന തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും അടുത്തകാലത്തായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നുരണ്ട് ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണ് ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത് റിമി ടോമിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നുമാണ് റിമിയുടെ ഭര്‍ത്താവായ റോയ്‌സ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. റോയ്‌സ് പറയുന്നതിങ്ങനെ…

‘എനിക്കും ഈ വിഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല’. റോയ്‌സ് പറഞ്ഞു.

ശബാന എന്ന ഗായികയുടെ വിഡിയോയാണ് റിമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നതെന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്ത. ഗാനമേളയ്ക്കിടെ തനിക്ക് മോശമായ അനുഭവമുണ്ടായതായി വെളിപ്പെടുത്തി ശബാന കഴിഞ്ഞദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.


Related posts