കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു! സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ സാധിക്കുന്നുമില്ല; യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ്. യോഗി കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കുന്നെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നുമാണ് ആര്‍.എസ്.എസ് ആരോപിക്കുന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ച് കൊണ്ടുപോവുന്നതില്‍ യോഗി പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

യോഗിയുടെ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ യു.പിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവര്‍ അതൃപ്തി തുറന്ന് പറഞ്ഞു. ഏകപക്ഷീയമായാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ നടത്തി കുറ്റവാളികളെ ഇല്ലാതാക്കുന്ന തീരുമാനം മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണെന്ന് കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും യോഗിയുടെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്. ഗോരഖ്പൂരിലെ മഠം സ്ഥിതി ചെയ്യുന്ന വാര്‍ഡും ലോക്സഭാ മണ്ഡലവും നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്വം യോഗിക്ക് മാത്രമാണെന്നാണ് ബി.ജെ.പി ആരോപണം.

 

Related posts