പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി ! ഖനനത്തില്‍ ലഭിച്ച വിചിത്രശില്‍പ്പങ്ങളെക്കുറിച്ച് അന്വേഷിച്ച ഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുത

പുരാവസ്തു ഗവേഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഭൂമിയാണ് പെറു. 15-ാം നൂറ്റാണ്ടിലെ ഇന്‍കാ സാമ്രാജ്യ ശേഷിപ്പുകളുള്ള മാച്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ എന്നിങ്ങനെ പുരാതന ചരിത്രശേഷിപ്പുകള്‍ പെറുവില്‍ നിരവധിയാണ്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി. ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്.

കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്. കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉത്ഖനനം നടത്തുന്നുണ്ട്. എന്തായാലും പുതിയ കണ്ടെത്തലുകള്‍ പെറുവിന്റെ പുരാതന സംസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമാവുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Related posts