അമ്പലപ്പുഴ: ബിഎംഎസ് കൺവീനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുർത്തിയാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒരു വനിതയടക്കം അഞ്ചു പ്രതികളെന്ന് പോലീസ്.ബിഎംഎസ് കൺവീനർ വണ്ടാനം ബാബു നിവാസിൽ എസ്. ബാബു (62) തീവണ്ടിക്കു മുന്നിൽ ചാടി മരിച്ച സംഭവത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പുന്നപ്ര പോലീസ് അമ്പലപ്പുഴ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്.
2024 നവംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ വണ്ടാനം കിഴക്കേ ഇളന്താശേരി വീട്ടിൽ കുഞ്ഞുമോൾക്ക് ബാബു പണം കടമായി നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞ് തന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഈ പണം തിരികെ ചോദിച്ചപ്പോൾ പണം തനിക്ക് നൽകിയത് ഭർത്താവ് രാജേഷ് അറിയരുതെന്നും സാവകാശം നൽകണമെന്നും കുഞ്ഞുമോൾ പറഞ്ഞു.
എന്നാൽ, പണം അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുഞ്ഞുമോൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് ബാബു വീടിനു സമീപത്ത് ട്രെയിനു മുന്നിൽ ചാടി മരച്ചത്. ബന്ധുക്കളുടെ അന്വേഷണത്തിൽ കുഞ്ഞുമോൾക്കെതിരേ പരാമർശമുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ബാബുവിന്റെ ബന്ധുക്കൾ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പുന്നപ്ര പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.
ഇതിനിടയിൽ കുഞ്ഞുമോൾ, ഭർത്താവ് രാജേഷ്, കുഞ്ഞുമോളുടെ സഹോദരൻ വൃക്ഷവിലാസം പ്രകാശൻ, സഹോദരി കാട്ടുങ്കൽവെളി ഷീലാ രമേശൻ, കാട്ടുംപുറം പി. സനൽകുമാർ എന്നിവർ സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യവും തേടി. ഇതിൽ സനൽകുമാർ ബാബു യൂണിയൻ കൺവീനറായിനിന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ചിരുന്നു. എന്നാൽ, പിന്നീട് ബിഎംഎസ് നടത്തിയ അന്വേഷണത്തിൽ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ബിഎംഎസ് മുൻ പ്രസിഡന്റായിരുന്ന സനൽകുമാർ കൽവെട്ട് കരാറുകാരനിൽനിന്ന് 30,000 രൂപ ഗൂഗിൾ പേ മുഖേനെ കൈക്കൂലി വാങ്ങിയിരുന്നു. ഇത് ബാബു ചോദ്യം ചെയ്തിരുന്നു.തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സനൽകുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ബാബുവിനെതിരെ ഈ ആരോപണങ്ങളുയർന്നതെന്ന് പിന്നീട് അന്വേഷണം നടത്തിയ പോലീസ് സംഘം കണ്ടെത്തിയിരുന്നു.
സനൽകുമാർ പണം ഗൂഗിൾ പേ മുഖേന വാങ്ങിയതിന്റെ തെളിവും പോലീസ് കണ്ടെത്തിയിരുന്നു.പ്രതികളുടെ ഫോണുകളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. കേസിൽ 31 സാക്ഷികളാണുള്ളത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ ഇനി ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. ബാബുവിന്റെ ബന്ധുക്കൾക്കുവേണ്ടി അഡ്വ. എ. അശ്വതി ഹാജരായി.
