ഇങ്ങനെയൊക്കെ ചെയ്യാമോ? ഗാനകോകിലം എസ് ജാനകി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; വിടപറഞ്ഞത് സംഗീത ജീവിതത്തോടാണെന്ന് ആരാധകര്‍

ഗാനകോകിലം എസ് ജാനകി മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇവരുടെ ചിത്രമുള്‍പ്പടെയുള്ള പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മൈസൂരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത നിശയില്‍ വച്ച് ജാനകിയമ്മ സംഗീത ജീവിതത്തോട് വിടപറയുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് വ്യജ മരണ വാര്‍ത്ത പ്രചരിച്ചത്.

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം. എനിക്ക് 80 വയസ് ആകാന്‍ പോകുന്നു. നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. സംഗീതത്തില്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. സംഗീത സംവിധായകരുടെ ഒട്ടേറ തലമുറകള്‍ക്കു വേണ്ടി പാടനും പ്രശസ്തരായ നിരവധി ഗായകര്‍ക്കൊപ്പം വേദി പങ്കിടാനും സാധിച്ചു. എന്റെ മനസ് പറയുന്നു വിടപറയാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭം ഇല്ലെന്ന്… ഇങ്ങനെയാണ് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജാനകി ആരാധകരോട് പറഞ്ഞത്. സംഗീത ലോകത്തില്‍ നിന്നുമുള്ള വിടവാങ്ങല്‍ ചടങ്ങില്‍ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണു വര്‍ധന്‍, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, രാജേഷ് തുടങ്ങിയവര്‍ ആദരിക്കാന്‍ എത്തിയിരുന്നു. ഹര്‍ഷാരവം മുഴക്കിയും കൈവീശിയുമാണ് ആരാധകര്‍ ജാനകിയെ യാത്രയാക്കിയത്. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീത നിശകളിലും ഉണ്ടാകില്ല.

1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ജനിച്ച എസ്. ജാനകി. സംഗീത ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് മൂന്നാം വയസ് മുതലാണ്. നാദസ്വര വിദ്വാനായ ശ്രീ പൈദിസ്വാമിയായിരുന്നു ഇവരുടെ സംഗീത അധ്യാപകന്‍. 1957ല്‍ റിലീസായ തമിഴ് ചിത്രം വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആറു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, ഒഡിയ, ഹിന്ദി, ബംഗാളി, തുളു, സംസ്‌കൃതം, സിന്‍ഹാളെ, ബഗഡ, പഞ്ചാബി, ഉറുദു, ജപ്പാന്‍, ജര്‍മന്‍, ലത്തീന്‍, അറബിക് എന്നീ ഭാഷകളിലായി 48,000 ഗാനങ്ങള്‍ ഇവര്‍ ആലപിച്ചിട്ടുണ്ട്.
മികച്ച പിന്നണി ഗായികയ്ക്കുള്ള 4 ദേശീയ അവാര്‍ഡുകള്‍, മുപ്പത്തിമൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ സ്വന്തമാക്കിയിട്ടുള്ള എസ് ജാനകി എസ് പി. ബാലസുബ്രഹ്മണ്യം, ഇളയരാജ കൂട്ടുകെട്ട് ഹിറ്റ് ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.

2003ല്‍ രാജ്യം പദ്മഭൂഷന്‍ പുരസ്‌ക്കാരം നല്‍കാന്‍ തെരഞ്ഞെടുത്തെങ്കിലും ഇവര്‍ ഇത് നിരസിച്ചു. എസ്. ജാനകിയുടെ ജീവിതത്തെ ആസ്പദമാക്കി അഭിലാഷ് പുതുക്കാട് ആലാപനത്തിലെ തേനും വയമ്പും എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 1958ല്‍ വി. രാമപ്രസാദിനെ ഇവര്‍ വിവാഹം ചെയ്തു. മുരളി കൃഷ്ണന്‍ ആണ് ഏക മകന്‍.

Related posts