ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് – ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ. ഇന്നലെയും ഇന്നുമാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷ്ൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു.
രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് എട്ടു പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷൽ ഓഫീസർ പറഞ്ഞു.
തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും സ്പെഷൽ ഓഫീസർ അറിയിച്ചു. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ടു ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്കു വിധേയമാക്കും.
