നിയാസ് മുസ്തഫ
കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ മേനക ഗാന്ധിയുടെ വിവാദ പ്രസംഗത്തിൽ വിശദീകരണം തേടി കാരണം കാണി ക്കൽ നോട്ടീസ്. സുൽത്താൻപൂർ ജില്ലാ മജിസ്ട്രേറ്റ് ആണ് നോട്ടീസ് അയച്ചത്. മേനക ഗാന്ധിയുടെ പ്രസംഗം വൈറലായതോടെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് മേനക ഗാന്ധി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.
ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തി സുൽത്താൻപൂരിലെ തൂരബിലാണ് മേനകയുടെ വിവാദ പ്രസംഗം. ‘ഞാൻ ഇതിനകം തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ജയിക്കുന്നത്. എന്നാൽ മുസ്ലിംങ്ങളുടെ വോട്ട് ഇല്ലാതെയാണ് ജയമെങ്കിലോ ? അത് നല്ലതാണെന്നു തോന്നുന്നില്ല.
നിങ്ങൾക്ക് എനിക്ക് വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാൻ ബാധ്യതയുണ്ടാവില്ല. ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാൽ അത് സാധിച്ചു കൊടുക്കാൻ ഒരിക്കലും നടക്കില്ല. ഇത് കൊടുക്കൽ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ട് കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ- മേനക പറയുന്നു.
യുപിയിലെ പിലിബിത്തിൽനിന്നാണ് 2014ൽ മേനക ജനവിധി തേടിയത്. ഇത്തവണ മകൻ വരുൺഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപൂരിലേക്ക് മേനക മാറി മത്സരിക്കുകയാണ്. വരുൺ ഗാന്ധി പിലിബിത്തിലും സ്ഥാനാർഥിയാണ്.
അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മേനക ഗാന്ധി രംഗത്തുവന്നിട്ടുണ്ട്. തന്റെ പ്രസംഗം വളച്ചൊടിച്ചെന്നും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയതാണെന്നും മേനക ഗാന്ധി വിശദീകരിക്കുന്നു.
ഞാൻ പ്രസംഗിച്ചത് പൊതുവേദിയിൽ അല്ല. ബിജെപിയുടെ മൈനോർട്ടി സെല്ലിന്റെ യോഗത്തിലാണ്. അവിടെ കൂടിയ ബിജെപിയെ സഹായിക്കുന്ന മുസ്ലിംങ്ങളോടാണ് ഞാൻ പ്രസംഗിച്ചത്. എന്റെ പ്രസംഗം മുഴുവൻ കേട്ടാൽ അതി ലൊരു കുഴപ്പവും ഇല്ലെന്ന് മനസിലാക്കാം. ബിജെപി സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതികളുടെ പ്രയോജനം മുസ്ലിംങ്ങൾക്കും ലഭിച്ചിട്ടുണ്ട്-മേനക ഗാന്ധി പറഞ്ഞു.
ഇതോടൊപ്പം ഉന്നോവയിൽനിന്ന് ജനവിധി തേടുന്ന എംപിയും സന്യാസിയുമായ സാക്ഷി മഹാരാജിന്റെ പരാമർശവും വിവാദമായിട്ടുണ്ട്. ‘ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നൽകിയില്ലെങ്കിൽ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്.
പണമോ ഭൂമിയോ അല്ല ഞാൻ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങൾ വോട്ട് ചെയ്താൽ ഞാൻ വിജയിക്കും. അല്ലെങ്കിൽ അന്പലത്തിൽ ഭജനയും കീർത്തനവുമായി കഴിയും’ എന്നായിരുന്നു സാക്ഷി മഹാരാജ് പറഞ്ഞത്.സന്യാസിവേഷത്തിൽ വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സാക്ഷിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ വിവാദ പരാമർശം താൻ നടത്തിയിട്ടില്ലെന്ന നിലപാടാണ് സാക്ഷി മഹാരാജ് നൽകുന്നത്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഞാനങ്ങനെ പറഞ്ഞതായി ചിലരൊക്കെ പറയുന്നുണ്ട്. ടിവി കാണാനൊന്നും നേരമില്ല. ഞാനിപ്പോൾ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്-സാക്ഷി മഹാരാജ് വിശദീകരിക്കുന്നു.