കൊച്ചി: സംവിധായകര്‍ പ്രതികളായ ലഹരി കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗം നടന്നിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.
അതേസമയം ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ പ്രധാന ഇടനിലക്കാരനെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍ ഈ കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 27ന് ആണ് എറണാകുളം ഗോശ്രീക്ക് സമീപത്തെ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നും സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസം, ഇവരുടെ സുഹൃത്ത് ഷാലി മുഹമ്മദ് എന്നിവരെ എക്സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെയും അറസ്റ്റ് ചെയ്തിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് നടപടി.എക്സൈസ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് കടക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും.
എക്സൈസാണെന്ന് അറിയിച്ചതോടെ ഇവര്‍ പേരുപറയാന്‍ മടിച്ചു. സിനിമയില്‍ ചെറിയ വേഷം ചെയ്യുന്നവരാണെന്നും മഞ്ഞുമ്മല്‍ ബോയ്സില് അഭിനയിച്ചിട്ടുണ്ടെന്നും ഖാലിദ് റഹ്മാന് പറഞ്ഞു. സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ ഇവരുടെ ചിത്രങ്ങളെടുത്ത് ഗൂഗില്‍ ലെസില്‍ പരിശോധിച്ചപ്പോഴാണ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരാണെന്ന് വ്യക്തമായത്.

