ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികൾക്കൊപ്പം വാർത്താ സമ്മേളനം നടത്തിയ യുവാവിന് നേരെ ആക്രമണം;സാരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: ശബരിമല പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച യുവതികൾക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയ യുവാവിന് നേരെ ആക്രമണം. മലപ്പുറം കാരക്കോട് ഉത്സവത്തിനിടെയാണ് നിലന്പൂർ കാരക്കോട് സ്വദേശി സന്ദീപിന് നേരെ ആക്രമണമുണ്ടായത്.

പരിക്കേറ്റ യുവാവിനെ നിലന്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സന്ദീപ് ആരോപിച്ചു.

സുപ്രീംകോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ ശബരിമല പ്രവേശനത്തിന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് അടക്കമുള്ള മൂന്ന് യുവതികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് യുവതികൾ തീരുമാനത്തിൽ നിന്നും പിന്മാറി.

ഇക്കാര്യം അറിയിക്കാൻ കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചപ്പോൾ യുവതികൾക്കൊപ്പം സന്ദീപും എത്തിയിരുന്നു. ഇതിന് പിന്നാലെ സന്ദീപ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

Related posts