വീട്ടിലെ ആടുകളും കോഴികളും നിര്‍ത്താതെ കരഞ്ഞു; തെങ്ങില്‍ കയറിയ ഭീമനെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഫയര്‍ഫോഴ്‌സെത്തി താഴെ ഇറക്കി

snakeവൈക്കം: പുഴയിലൂടെ വന്ന് തെങ്ങില്‍ കയറി ഓലമടലിനിടയില്‍ ചുറ്റിയ പെരുമ്പാമ്പിനെ ഫയര്‍ഫോഴ്‌സെത്തി താഴെ ഇറക്കി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ചെമ്പ് മുസ്ലിംപള്ളിക്ക് കിഴക്കുവശത്ത് താമസിക്കുന്ന വലിയവീട്ടില്‍ ജയകുമാറിന്റെ വീട്ടിലെ തെങ്ങില്‍ക്കയറിയ പെരുമ്പാമ്പിനെയാണ് ഫയര്‍ഫോഴ്‌സ് ഇന്നലെ രാവിലെ പിടികൂടിയത്. വീട്ടിലെ ആടുകളും കോഴികളും നിര്‍ത്താതെ ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭീമന്‍ പെരുമ്പാമ്പ് തെങ്ങിലേക്ക് കയറുന്നത് കണ്ടത്.

പിന്നീട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് വൈക്കം ഫയര്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. 15 അടി നീളവും 50 കിലോഗ്രാം തൂക്കവുമുള്ള പെരുമ്പാമ്പിനെ കോട്ടയത്തുനിന്നുമെത്തിയ ഫോറസ്റ്റ് അധികൃതര്‍ വനത്തില്‍ വിടുന്നതിനായി ചാക്കിലാക്കി കൊണ്ടുപോയി.

Related posts