കോട്ടയം: പാലാ കാര്യം ശരത് പവാര്‍ മുംബൈയില്‍ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താന്‍ അടുത്തയാഴ്ച പവാര്‍ കൊച്ചിയിലെത്തും.
സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.
എന്‍സിപിയില്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കാപ്പന്‍ മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എതിര്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരാനുള്ള താല്പര്യം പവാറിനെ അറിയിച്ചിരുന്നു.
പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു കൊച്ചിയിലെത്തുന്നത്.
പാലാ സീറ്റ് മാണി സി. കാപ്പന് എല്‍ഡിഎഫ് തുടര്‍ന്നും വിട്ടുനല്‍കുന്നില്ലെങ്കില്‍ യുഡിഎഫില്‍ എത്താനുള്ള ഉറച്ച നിലപാടിലാണ് എന്‍സിപിയില്‍ ഒരു വിഭാഗം.