എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യു ഡി എഫിൽ നിന്ന് ചില കക്ഷികൾ എൽ ഡി എഫിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ.വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു.
യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് ചാടി രക്ഷപ്പെടാൻ കാത്തിരിക്കുകയാണ് പലരും. ചില കക്ഷികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പ് മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ആർഎസ്പി വന്നാൽ
ആർ എസ്പിയുമായി ചർച്ച കൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആർ എസ് പി ഇടതുപക്ഷ പാർട്ടിയാണ്. അവർ എൽഡിഎഫിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ തീർച്ചയായും മുന്നണി അക്കാര്യം ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും.
സീറ്റ് ചർച്ചകൾ
തുടർ ഭരണം ലക്ഷ്യം വയ്ക്കുന്ന സർക്കാരിന് മുന്നിൽ യാതൊരുവിധ ആശങ്കകളുമില്ല. സംഘടനാപരമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയാണ്. അതു കഴിഞ്ഞാൽ ഉടൻ എൽ ഡി എഫ് ചേരും അതിനു ശേഷം സീറ്റുചർച്ചുകളിലേക്ക് കടക്കും.
എൻസിപി മുന്നണി
വിടുമെന്ന ചർച്ചകളോടുള്ള പ്രതികരണം
എൻസിപി എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയാണ്. അവർ മുന്നണി വിടുമെന്ന് കരുതുന്നില്ല. സീറ്റുചർച്ചകൾ ഇതു വരെ ആരംഭിച്ചിട്ടില്ല. അവരെ ആരെങ്കിലും മോഹന വാഗ്ദാനങ്ങൾ നൽകി കണ്ടം ചാടിക്കാൻ ശ്രമിച്ചാൽ ഒന്നും ചെയ്യാനൊക്കില്ല.
പോകുന്നെങ്കിൽ പോകട്ടെ, പോകുവാണെങ്കിൽ തന്നെ അവർ ഒന്നായി പോകില്ലെന്ന് ഉറപ്പുണ്ട്. പാലാ സീറ്റു സംബന്ധിച്ച് ഒരു ഉറപ്പും ആർക്കും കൊടുത്തിട്ടില്ല. അനാവശ്യ വാദങ്ങൾ ഉയർത്തി മുന്നണി വിടാനാണ് ചിലരുടെ ശ്രമം.
അതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. എൽഡിഎഫ് വിട്ട് പുറത്തുപോയവരുടെ അവസ്ഥ പോകാൻ നിൽക്കുന്നവർ ഓർത്താൽ നല്ലത്.
ലക്ഷ്യം തുടർഭരണം
എൽ ഡി എഫ് ഒറ്റകെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനപക്ഷ സർക്കാരിനെ മോശമാക്കാൻ ശ്രമിച്ചവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കൾ വലിയ തിരിച്ചടി ആയിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുന്നത്.
വിവാദങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾക്ക് സമയമില്ല. അതിനു ശ്രമിക്കുന്നവർ അതു ചെയ്തോട്ടെ. ഞങ്ങൾ തുടർ ഭരണം ലഭിക്കാനുള്ള പ്രവർത്തനത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു.