ബോര്‍ഡിംഗ് ടൈമിനു മുമ്പ് ബസ് പുറപ്പെട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ ഫോണിലൂടെ പറഞ്ഞത് പച്ചത്തെറി; കല്ലട ബസില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സോളാര്‍ നായിക സരിത നായര്‍…

യാത്രികരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന കല്ലട ട്രാവല്‍സിനെതിരേ നിരവധി ആളുകളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ട്രാവല്‍സിനെതിരേയുള്ള പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സോളാര്‍ നായിക സരിത എസ് നായരും കല്ലടയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

സംഭവം ഇങ്ങനെ…പതിനെട്ടാം തീയ്യതി അഞ്ച് പേര്‍ക്കുളള ടിക്കറ്റാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവല്‍സില്‍ സരിത ബുക്ക് ചെയ്തത്. ബസ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാന്‍ എത്തിയെങ്കിലും ബസ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവര്‍ ഫോണില്‍ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി.

ടിക്കറ്റ് ബുക്കിംഗിനായി നല്‍കിയ പണം തിരികെ തരാന്‍ കല്ലട ട്രാവല്‍സ് തയ്യാറായില്ലെന്നും സരിത പറഞ്ഞു. ബുക്ക് ചെയ്ത സീറ്റ് മറ്റാര്‍ക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് സരിത ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് വ്യക്തമാക്കി. കല്ലട ട്രാവല്‍സിനെതിരേ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ദിനംപ്രതി നിരവധി പേരാണ് കല്ലട ട്രാവല്‍സിനെതിരേ ആരോപണവുമായി രംഗത്തെത്തുന്നത്.

Related posts