ചിന്നമ്മയുടേത് വന്‍ സാമ്രാജ്യം, മദ്യ കമ്പനി മുതല്‍ ഖനനം വരെ നീളും, നേതൃത്വം അനന്തരവന്മാര്‍ക്ക്, എതിര്‍ക്കുന്നവരെ അടിച്ചൊതുക്കാന്‍ ഗുണ്ടാപ്പടയും!

Sasikalaആരെയും അതിശയിപ്പിക്കുന്നതാണ് ശശികലയുടെ സാമ്രാജ്യം. സ്വന്തമായി ഗുണ്ടാപ്പട മുതല്‍ മദ്യ, സിനിമ, ക്വാറി കമ്പനികളും ശശികലയുടെ അധീനതയിലുണ്ട്. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കാനും സ്വന്തം സുരക്ഷയ്ക്കുമായി ഒന്നാന്തരം ക്വട്ടേഷന്‍ സംഘങ്ങളും ഒപ്പമുണ്ട്. ബിസിനസ് സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ ചിന്നമ്മയുടെ കൈയിലാണെങ്കിലും നോക്കി നടത്തുന്നത് അനന്തരവന്മാരാണ്. അവരാകട്ടെ പക്കാ ഗുണ്ടകളും. ശശികലയുടെ ബന്ധുക്കളുടെ മദ്യനിര്‍മാണ കമ്പനിയായ മിദാസ് ഡിസ്റ്റിലെറികളില്‍ 48 ശതമാനത്തിന്റെ ഉടമസ്ഥാവകാശവും 2015ല്‍ ശശികല സ്വന്തമാക്കി.

ദക്ഷിണേന്ത്യന്‍ സിനിമ കമ്പനിയായ ജാസ് സിനിമാസിന്റെ ഭൂരിഭാഗം ഓഹരിയും ശശികല സ്വന്തമാക്കിയിരുന്നു. ജയലളിത മരിക്കുന്നതിനു മുമ്പായിരുന്നു ഇത്. കമ്പനിയുടെ പകുതി ഓഹരികള്‍ ശശികലയും മറുപാതി ബന്ധുക്കളുടെയും പേരിലാണ്. അണ്ണാ ഡിഎംകെയുടെ മുഖപത്രമായ നമ്മുദു എംജിആര്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ നിന്ന് ആറു കോടി രൂപയാണ് ജാസിലേക്ക് ഒഴുകിയത്. പാര്‍ട്ടി ഫണ്ട് വകമാറ്റിയായിരുന്നു ഇത്. അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിച്ച വിചാരണ കോടതി ജയലളിതയെയും ശശികലയെയും കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോള്‍ നമ്മുദു എംജിആറിന്റെ ഫണ്ടുകള്‍ നിയമവിരുദ്ധമായി ഉണ്ടാക്കിയതാണെന്ന് പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഫിനാന്‍സ് കമ്പനിയായ ശ്രീജയ ഫിനാര്‍സിയേഴ്‌സും ശശികലയ്ക്കു സ്വന്തം. സംസ്ഥാനത്തെങ്ങും ശാഖകളുള്ള കമ്പനിയാണിത്.

എസ് വൈകുണ്ഠ രാജന്‍ എന്ന ബിസിനസ് മാഗ്‌നെറ്റുമായി ശശികലയുടെ അനന്തരവന്മാരായ വിഎസ് ശിവകുമാര്‍, കാര്‍ത്തികേയന്‍ കാളിയ പെരുമാള്‍ എന്നിവര്‍ ചേര്‍ന്ന് വേള്‍ഡ് റോക്ക് െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഖനി സഹോദരന്മാരുമായി ശശികലയ്ക്ക് അടുപ്പമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 2013 ഓഗസ്റ്റില്‍ തൂത്തുക്കുടി ജില്ലാ കലക്ടര്‍ ആയിരുന്ന അഷിഷ് കുമാര്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിവ മിനറള്‍സില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അനധികൃത ഖനനം കണ്ടെത്തിയിരുന്നു. പക്ഷെ മിനറള്‍സിനെതിരെ കേസ് എടുക്കുന്നതിനു പകരം കലക്ടറെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. ശശികല വെട്ടിപ്പിടിച്ച സ്വത്തുകള്‍ക്കൊപ്പം ജയലളിതയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും നോക്കി നടത്തുന്നതും ചിന്നമ്മയാണ്.

Related posts