പിഴയൊടുക്കുമോ അധികതടവ് അനുഭവിക്കുമോ? 10 കോടി പിഴയൊടുക്കിയില്ലെങ്കില്‍ ശശികലയ്ക്ക് 13 മാസം അധികതടവ്

sasikal1ബംഗളുരു: 10 കോടി രൂപ പിഴയൊടുക്കിയില്ലെങ്കിൽ എഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല 13 മാസത്തെ അധികശിക്ഷകൂടി അനുഭവിക്കേണ്ടിവരും. അനധികൃത സ്വത്തുസന്പാദന കേസിൽ ജയിലിലായ ശശികലയെ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. അനധികൃത സ്വത്തു സന്പാദന കേസിൽ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ ശശികല. നാലുവർഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത്.

ഇതിൽ മൂന്ന് വർഷവും 11 മാസവുമാണ് അവർക്ക് അവശേഷിക്കുന്നത്. നേരത്തെ വിചാരണ കോടതി വിധിയെത്തുടർന്ന് 21 ദിവസം അവർ ജയിൽവാസം അനുഭവിച്ചിരുന്നു.

തടവുശിക്ഷ അനുഭവിക്കുന്ന ശശികലയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്ന് ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ജയിൽ മാറ്റത്തിന് ശശികല ഉടൻ അപേക്ഷ നൽകും. ജയിലിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ശശികലയുടെ നീക്കം.

ജയിൽ മാറ്റത്തിന് ശശികലയുടെ അഭിഭാഷകൻ പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിനും ഇതുവഴി നിയമമന്ത്രിക്കും അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇരു ജയിൽ സൂപ്രണ്ടുമാരും അംഗീകരിച്ചാൽ ജയിൽ മാറ്റത്തിന് തടസമില്ല. എന്നാൽ സുപ്രീംകോടതി അനുമതിയില്ലാതെ ജയിൽ മാറ്റിയാൽ ചോദ്യം ചെയ്യപ്പെടാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബി.വി. ആചാര്യ പറഞ്ഞു.

Related posts