കനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി; സൗദിയെ പ്രകോപിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചതിനെ വിമര്‍ശിച്ചത്…

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലേ തന്നെ ഏറ്റവും വഷളായ അവസ്ഥയില്‍. കാനഡയ്‌ക്കെതിരേ തുറന്ന പോര് പ്രഖ്യാപിച്ച കാനഡയുമായി എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു മുന്നറിയിപ്പുമില്ലാതെ സൗദി റദ്ദാക്കി. ഇപ്പോള്‍ സൗദി പൗരത്വവുമായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. കാനഡയിയിലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സൗദിയുടെ തിടുക്കപ്പെട്ടുള്ള ഈ നടപടികള്‍.

സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി. സമര്‍ ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു.

നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ സൗദിയുടെ നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നിലകൊള്ളുമെന്നും സൗദി നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചിരുന്നു. വനിതാ ആക്ടിവിസ്റ്റുകളടക്കം മെയ് 15 മുതല്‍ 15 പേരെ സൗദി അന്യായമായി തടങ്കലില്‍വെച്ചതായി ചൊവ്വാഴ്ച യുഎന്‍ പറഞ്ഞിരുന്നു. എട്ടുപേരെ വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.

സര്‍ക്കാര്‍ ചെലവിലോ സ്വന്തം ചെലവിലോ പഠിക്കുന്നവര്‍ ഇനി കാനഡയില്‍ തുടരേണ്ടതില്ല എന്നാണ് സൗദി പറയുന്നത് . ഈ വര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തണമെന്ന് സൗദി നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയിലേക്കുള്ള വിമാനങ്ങള്‍ റദാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനങ്ങള്‍ സൗദി എടുത്തത്. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി അവസാനിപ്പിച്ചിട്ടുണ്ട്. കാനഡയിലെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ചെയ്തു.

സൗദി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കാനഡയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വളരെ കൂടുതലാണ്. കാനഡയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് സൗദി. 2015ലെ കണക്കനുസരിച്ച് 11650 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ട് 35000 ഡോളറിലധികം ഒരാള്‍ വര്‍ഷത്തില്‍ ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമേ ഹ്രസ്വകാല കോഴ്സുകള്‍ക്കായി 5622 വിദ്യാര്‍ത്ഥികളും സൗദിയിലെത്തുന്നുണ്ട്. ആഴ്ച്ചയില്‍ 900 ഡോളര്‍ വെച്ചാണ് ഇവര്‍ ചെലവഴിക്കുന്നത്. ഇവര്‍ തിരികെ പോകുന്നത് കാനഡയ്ക്ക് ആഘാതമാകുമെന്നാണ് വിലയിരുത്തല്‍.

Related posts