കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയില്‍ വല്ലാത്ത ഒരവസ്ഥയിലൂടെയായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്! എന്നാല്‍ ഈ ഫെബ്രുവരിയില്‍ വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവച്ച് സയനോര

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതജ്ഞയാണ് സയനോര ഫിലിപ്പ്. ഇതുവരെ സയനോരയുടെ ആലാപനമാണ് നാം ആസ്വദിച്ചുകൊണ്ടിരുന്നതെങ്കില്‍ ഇനിമുതല്‍ സയനോരയുടെ സംഗീതസംവിധാന മികവിനും മലയാളികള്‍ക്ക് സാക്ഷികളാകാം. സയനോര ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഉടന്‍ നടക്കാനിരിക്കുകയാണ്. ഈ വലിയ തുടക്കത്തെക്കുറിച്ചുള്ള വാര്‍ത്ത സയനോര തന്റെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. തന്റെ ആദ്യ സംവിധാനസംരഭത്തെക്കുറിച്ച് സയനോര കുറച്ചതിങ്ങനെയാണ്…

ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതല്‍ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാന്‍ ബുദ്ധിമുട്ടുകയാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം ഇതേ ഫെബ്രുവരിയില്‍ ചില കാരണങ്ങളാല്‍ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തില്‍ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്.

എന്നെയും എന്റെ കഴിവിനെയും എന്നെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏല്‍പ്പിച്ച ഈ സിനിമയുടെ സംവിധായകന്‍ ജീന്‍ മര്‍ക്കോസിന് ഒരു പാട് ഒരു പാട് നന്മകള്‍ നേരുന്നു. വീട്ടില്‍ നിന്നും കൊറേ ദിവസങ്ങള്‍ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാര്‍ക്കും, സംഗീത മേഖലയില്‍ ഉള്ള സുഹൃത്തുകള്‍ക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാര്‍ക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്‌നേഹിക്കുന്ന നിങ്ങള്‍ക്കും ഈ ദിവസത്തിന്റെ നന്മകള്‍.’

Related posts