എടിഎമ്മിനുള്ളില്‍ എലികളുടെ വിളയാട്ടം! കീറിമുറിച്ച് കഷണങ്ങളാക്കിയത് പന്ത്രണ്ടര ലക്ഷം രൂപ; എസ്ബിഐയുടെ എടിഎമ്മായതിനാല്‍ എലി കരണ്ടതിനും പിഴ ഈടാക്കാനിടയുണ്ടെന്ന് സോഷ്യല്‍മീഡിയയും

2016 നവംബര്‍ എട്ടാം തിയതിയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം ഉണ്ടായത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മുഴുവന്‍ പിന്‍വലിച്ച് അസാധുവാക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. അന്ന് ആളുകള്‍ നോട്ടിനുവേണ്ടി പരക്കം പാഞ്ഞത് ഒരിക്കലും മറക്കാന്‍ സാധിക്കുന്ന ഒന്നല്ല. നോട്ടിന്റെ ക്ഷാമം ശരിക്കും മനസിലാക്കിയവരാണ് രാജ്യത്തെ മുഴുവന്‍ ആളുകളും. അതേ നോട്ടിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഒപ്പിച്ച പണിയാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

എ.ടി.എമ്മിനുള്ളില്‍ കടന്ന ചുണ്ടെലികള്‍ 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ കരണ്ടു നശിപ്പിച്ചു. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് സംഭവം. 12.38 ലക്ഷം രൂപയാണ് എ ടി എമ്മിനുള്ളില്‍ കടന്ന ചുണ്ടലികള്‍ നശിപ്പിച്ചത്. എസ്ബിഐയുടെ എടിഎമ്മിലാണ് സംഭവം. മേയ് 19 ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് 29.48 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചത്.

മേയ് 20 ന് മെഷീന്‍ തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11ന് പണം നിക്ഷേപിക്കാനായി കമ്പനി എ ടി എം തുറന്നപ്പാഴാണ് 12.38 ലക്ഷം രൂപ ചുണ്ടെലികള്‍ കരണ്ട നിലയില്‍ കണ്ടെത്തിയത്. 500,2000 നോട്ടുകളാണ് കരണ്ടു നശിപ്പിക്കപ്പെട്ടവയില്‍ അധികവും.

സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 17 ലക്ഷത്തോളം നോട്ടുകള്‍ കേടുപാടു പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് പ്രാദേശിക ചാനലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവരുമുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇതുസംബന്ധിച്ച് ട്രോളുകളും ഇറങ്ങിത്തുടങ്ങി. എസ്ബിഐയുടെ നോട്ടുകളായതിനാല്‍ ചിലപ്പോള്‍ എലി കരണ്ടതിന്റെ കൂടി പിഴ ഈടാക്കാന്‍ ഇടയുണ്ടെന്നാണ് അവരുടെ ഭാഷ്യം.

Related posts