തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത്! നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതും തെറ്റ്; ജീവനക്കാരെ വെടിപ്പാക്കാന്‍ തീരുമാനിച്ച് എസ്ബിഐ

അമിത പിഴ ഈടാക്കി ഉപഭോക്താക്കളെ പിഴിയുന്നു എന്ന ആരോപണത്തിന് പുറമേ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി എസ്ബിഐ. തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത് എന്നിങ്ങനെയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിലൂടെ സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ ജീവനക്കാരെ ‘വെടിപ്പാക്കാന്‍’ തീരുമാനിച്ചിരിക്കുകയാണ്. ഉടുക്കേണ്ടത് എന്ത്, നടക്കേണ്ടത് എങ്ങനെ, എന്നെല്ലാം നിഷ്‌കര്‍ഷിക്കുന്ന കുറിപ്പ് ബാങ്കിന് പുതിയൊരു മുഖം നല്‍കുമെന്നാണ് അധികാരികളുടെ വിശദീകരണം.

ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഏമ്പക്കം വിടരുത് എന്നത് ഉള്‍പ്പെടെയുള്ള പുതിയ നിര്‍ദേശങ്ങള്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെയെല്ലാം കൂടെ നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്. വ്യക്തിശുചിത്വം പാലിക്കണം, ഓഫീസില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതെ വേണം ഇരിക്കാന്‍, ഓഫീസില്‍ സ്ലിപ്പര്‍ വേണ്ട ഷൂ മതി, അതും വൃത്തിയായി വെക്കണം. ബെല്‍റ്റും ഷൂസും ഒരേ നിറത്തിലുള്ളതാണ് നല്ലത്. ഉപഭോക്താക്കളുമായി ഇടപെടുന്ന സമയത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍. അതുപോലെ പാന്റ്സിന്റെ നിറത്തിന് യോജിച്ച സോക്സ് വേണം ധരിക്കാനെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

 

Related posts