സിജോ പൈനാടത്ത്
കൊച്ചി: സ്കൂൾ കലോത്സവങ്ങൾക്കു സർക്കാർ ചെലവു വെട്ടിച്ചുരുക്കുന്പോഴും മത്സരവേദിയിൽ കയറണമെങ്കിൽ വിദ്യാർഥികളും സ്കൂളുകളും പണമൊഴുക്കണം. നൃത്തവിഭാഗത്തിൽ വ്യക്തിഗത ഇനങ്ങൾക്കു പരിശീലനത്തിനും ഒരുക്കങ്ങൾക്കുമായി 25000 രൂപ മുതൽ ചെലവഴിക്കുന്പോൾ ഗ്രൂപ്പിനങ്ങളിലെ ചെലവ് ലക്ഷം കടക്കും.
സംഘനൃത്തം, ഒപ്പന, നാടകം, ദഫ്മുട്ട്, തിരുവാതിര, കോൽക്കളി എന്നീ ആകർഷക ഇനങ്ങളിലൊന്ന് ഉപജില്ലാതലത്തിൽ വേദിയിലെത്തുന്നതുവരെ 80000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന സ്കൂളുകളുണ്ട്. ഈ ഇനങ്ങളിൽ പരിശീലകനു മാത്രം നൽകേണ്ട തുക 25000 മുതൽ അര ലക്ഷം രൂപ വരെയാണെന്നു പെരുന്പാവൂരിലെ തണ്ടേക്കാട് ഹൈസ്കൂൾ അധ്യാപകൻ കെ.എ നൗഷാദ് പറഞ്ഞു.
ഇതേ ഇനം ജില്ലാ, സംസ്ഥാന തലത്തിലേക്കെത്തുന്പോൾ ചെലവു പിന്നെയും കൂടും. മത്സരാർഥികളുടെ ഭക്ഷണം, വേഷവിധാനങ്ങൾ, ചമയം, യാത്ര, അനുബന്ധ ചെലവുകൾ വേറെയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം ഉൾപ്പടെ വ്യക്തിഗത ഇനങ്ങളേറെയും വിദ്യാർഥികൾ സ്വന്തം നിലയിൽ പരിശീലനം നടത്തുന്നതിനാൽ സ്കൂളുകൾക്കു വലിയ ബാധ്യത വരുന്നില്ല. എങ്കിലും കലോത്സവത്തിനായി നൃത്ത പരിശീലനം നടത്തുന്നവർക്കു വലിയ പണച്ചെലവുണ്ട്.
പക്കമേളം ഒഴിവാക്കി സിഡി ഉപയോഗിക്കാമെങ്കിലും അതിന്റെ റിക്കാർഡിംഗും അനുബന്ധ ചെലവുകളും വലുതാണ്. സാന്പത്തികമായി ബുദ്ധിമുട്ടുന്ന മത്സരാർഥികളുടെ ചെലവ് സ്കൂളുകളാണു വഹിക്കുന്നത്. വലിയ തുക മുടക്കി സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്ക് ഇക്കുറി സമ്മാനം ഗ്രേഡിലും സർട്ടിഫിക്കറ്റിലും ഒതുങ്ങും.
മുൻ വർഷങ്ങളിൽ വിജയികൾക്കു നൽകിയിരുന്ന ട്രോഫി ഇക്കുറി ജില്ലാ, സംസ്ഥാന തലങ്ങളിൽ കിട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കലോത്സവച്ചെലവു വെട്ടിച്ചുരുക്കിയതോടെയാണു വിജയികൾക്കുള്ള സമ്മാനങ്ങളും ഇല്ലാതായത്. ഓവറോൾ ചാന്പ്യൻഷിപ്പ് നേടുന്ന ഉപജില്ലകൾക്കും സ്കൂളുകൾക്കുമുള്ള ട്രോഫികൾ എവർറോളിംഗ് ആണെങ്കിലും അതും നൽകേണ്ടതില്ലെന്നാണു തീരുമാനം.
ജില്ലാ കലോത്സവങ്ങൾക്കു കഴിഞ്ഞ വർഷം 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചപ്പോൾ ഇക്കുറി അത് 12 ലക്ഷത്തിലൊതുങ്ങി. കലോത്സവങ്ങളിൽ ആർഭാടങ്ങൾ നിയന്ത്രിക്കേണ്ടതാണെങ്കിലും ദീർഘകാലത്തെ പരിശീലനത്തിനും ഒരുക്കങ്ങൾക്കും ശേഷം മത്സരിച്ചു വിജയിക്കുന്ന വിദ്യാർഥികൾക്കു പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകേണ്ടതാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.