റഷ്യയുടെ വാക്‌സിന്‍ തട്ടിപ്പോ ? പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് ചൊറിച്ചിലും പനിയും ഉള്‍പ്പെടെ പല പല അസ്വസ്ഥതകളും; എല്ലാത്തരം ആളുകളിലും വാക്‌സിന്‍ പരീക്ഷിക്കാന്‍ പറ്റില്ലെന്ന് വിവരം…

കോവിഡിനെതിരായ ആദ്യ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത് റഷ്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സ്പുട്‌നിക്-5 എന്നു പേരിട്ട ഈ വാക്‌സിനെതിരേ ആരോപണങ്ങളുന്നയിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. കേവലം 38 പേല്‍ മാത്രമാണ് പരീക്ഷിച്ചതെന്നും ഈ വാക്‌സിനു പനി,നീര്‍ക്കെട്ട്,ചൊറിച്ചില്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍

വെറും 42 ദിവസത്തെ ഗവേഷണത്തിനു ശേഷമാണു വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതെന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ”ഫൊണ്ടാക”യുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണു വിമര്‍ശനം. വളരെക്കുറച്ച് ആളുകളില്‍ മാത്രം പരീക്ഷണം നടത്തിയതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി തിരിച്ചറിയാനാകില്ലെന്നു വാക്സിന്‍ വികസിപ്പിച്ച ഗമാലേയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ വ്യക്തമാക്കി.

പരീക്ഷണത്തില്‍ പങ്കെടുത്ത ആരോഗ്യവാന്‍മാരായ 38 പേരില്‍ 144 തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ തിരിച്ചറിഞ്ഞു. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും കുഴപ്പങ്ങള്‍ കൂടാതെ അതിജീവിച്ചു. എന്നാല്‍, 42 ദിവസത്തെ പരീക്ഷണത്തിനിടെ തിരിച്ചറിഞ്ഞ പാര്‍ശ്വഫലങ്ങളില്‍ 31 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്.

അതില്‍ 27 പാര്‍ശ്വഫലങ്ങളുടെ ഭവിഷ്യത്തിനെക്കുറിച്ച് വാക്സിന്‍ ഉത്പാദകര്‍ക്കുതന്നെ നിശ്ചയമില്ല. മറ്റു മരുന്നുകളുമായി സ്പുട്നിക്- 5ന്റെ പ്രതിപ്രവര്‍ത്തനവും വ്യക്തമല്ല. വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്കു പനി, നീര്‍ക്കെട്ട്, വേദന, കുത്തിവയ്പ്പെടുത്ത ഭാഗത്തു ചൊറിച്ചില്‍ എന്നീ പാര്‍ശ്വഫലങ്ങളാണുണ്ടായത്. ക്ഷീണം, അസ്വാസ്ഥ്യം, പനി, വിശപ്പില്ലായ്മ, തലവേദന, അതിസാരം, മൂക്കടപ്പ്, ജലദോഷം, തൊണ്ടയില്‍ ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായി.

എന്നാല്‍ ആവശ്യമായ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്‌സിന്‍ പുറത്തിറക്കിയത് എന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അവകാശപ്പെട്ടത്. മനുഷ്യശരീരത്തില്‍ ആവശ്യത്തിന് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാനുള്ള വാക്സിന്റെ ശേഷി സംശയാസ്പദമാണെന്നും പാശ്ചാത്യ ഗവേഷകര്‍ പറയുന്നു. 42 ദിവസത്തിനുശേഷമുള്ള പരിശോധനയില്‍ പരീക്ഷണവിധേയരുടെ ആന്റിബോഡി നിരക്ക് ശരാശരിയിലും താഴെയായിരുന്നു.

തന്റെ മകള്‍ക്കു വാക്സിന്‍ കുത്തിവച്ചെന്നും ഇതേത്തുടര്‍ന്ന് ആന്റിബോഡി സാന്നിധ്യം വര്‍ധിച്ചെന്നുമായിരുന്നു പുടിന്റെ അവകാശവാദം. പ്രസിഡന്റിന്റെ വകതിരിവില്ലാത്ത നീക്കം മഹാമാരിയെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണു ശാസ്ത്രജ്ഞരുടെ വിമര്‍ശനം.

18-ല്‍ താഴെയും 60-നു മുകളിലും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരില്‍ ഈ വാക്സിന്‍ കുത്തിവയ്ക്കാന്‍ അനുമതിയില്ല. വൃക്ക, കരള്‍രോഗങ്ങള്‍, പ്രമേഹം, അപസ്മാരം, പക്ഷാഘാതം, ഹൃദ്രോഗം, അലര്‍ജി തുടങ്ങിയ അസുഖങ്ങളുള്ളവരിലും വാക്സിന്‍ പ്രയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment