എല്ലാ ഹര്‍ത്താലിനും കട തുറക്കും! ഇന്ന് ഭക്ഷണം സൗജന്യമെന്ന് ബോര്‍ഡും തൂക്കും; നല്ല മനസുള്ളവര്‍ നല്‍കുന്ന പണംകൊണ്ട് ജില്ലാ ആശുപത്രയിലേയ്ക്ക് ഭക്ഷണം; തൃശൂരിലെ സ്വാമീസ് കഫേയും സീതാദേവിയും വ്യത്യസ്തമാവുന്നതിങ്ങനെ

തൃശൂര്‍ ജില്ലയില്‍ മാത്രമായി നടന്ന ഹര്‍ത്താലില്‍ എല്ലാ കടകളും അടഞ്ഞു കിടന്നപ്പോള്‍ ഒരു കടയില്‍ മാത്രം പതിവ് തെറ്റിയില്ല. തൃശ്ശൂര്‍ കളക്ടറേറ്റിനു മുന്നിലെ സ്വാമീസ് കഫേയില്‍. എന്നാല്‍ ഇന്നലെ ഒരു മാറ്റമുണ്ടായിരുന്നു, കടയ്ക്കുമുന്നില്‍ ഒരു ബോര്‍ഡ്. ഇന്ന് ഹര്‍ത്താലിന് ഭക്ഷണം സൗജന്യം. അതങ്ങനെയാണു താനും. ആഹാരം കഴിക്കാനെത്തിയവര്‍ക്കെല്ലാം ഉടമ സീതാദേവി ഭക്ഷണംവിളമ്പി. രണ്ടുവര്‍ഷം മുമ്പാണ് ഇങ്ങനെയൊരാശയം ആദ്യമായി തോന്നിയത്. മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടന്നപ്പോള്‍ തയ്യാറാക്കിയ ഭക്ഷണം പാഴാക്കേണ്ടെന്ന് കരുതിയാണ് അന്ന് കഫേ തുറന്നത്.

അന്ന് സീതാദേവി ഇല്ലാത്തതിനാല്‍ മകന്‍ കണ്ണനായിരുന്നു കൗണ്ടറിലിരുന്നത്. ഹര്‍ത്താല്‍ അനുകൂലികളെത്തി കണ്ണനെ ഭീഷണിപ്പെടുത്തി. ഭക്ഷണമെല്ലാം നിലത്തിട്ട് ചവിട്ടി. കടയടപ്പിച്ചു. ഹര്‍ത്താലിന് കച്ചവടം നടത്തി പണമുണ്ടാക്കേണ്ട എന്നായിരുന്നു ഭീഷണി. ഇതോടെ സീതാ ദേവി ഒരുകാര്യം ഉറപ്പിച്ചു. ഇനി എല്ലാ ഹര്‍ത്താല്‍ ദിവസവും കട തുറക്കും. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും അറിയിച്ചു. അടുത്ത ഹര്‍ത്താലിനും സീതാദേവി കടതുറന്നു. അടപ്പിക്കാന്‍ പ്രശ്നക്കാരെത്തി. സീതാദേവി കടയുടെ മുന്നിലെ ബോര്‍ഡ് കാണിച്ചുകൊടുത്തു. അതില്‍ ഇപ്രകാരമായിരുന്നു. -‘ഇന്ന് ഹര്‍ത്താലിന് ഭക്ഷണം സൗജന്യം’. ആ ബോര്‍ഡ് ഇപ്പോഴും സൂക്ഷിക്കുന്നു. ഹര്‍ത്താലുകള്‍ക്ക് തൂക്കാനായി.

ഇപ്പോള്‍ ഹര്‍ത്താല്‍ ദിവസങ്ങളിലും ആരും എത്താറില്ല. കാരണം സീതാദേവി ഹര്‍ത്താല്‍ ദിനത്തില്‍ ‘കച്ചവടം’ നടത്താറില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഹര്‍ത്താല്‍ ദിനത്തില്‍ കാഷ് കൗണ്ടറില്‍ സീതാദേവി ഇരിക്കാറില്ല. പകരം അവിടെ ഒരു പാത്രംവയ്ക്കും. ഭക്ഷണം കഴിക്കുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പണം ഇതില്‍ ഇടാം. കിട്ടിയ പണം സീതാദേവി ഉപയോഗിക്കില്ല. അത് മകന്‍ കണ്ണനെ ഏല്‍പ്പിക്കും. ആ പണം കൊണ്ട് അടുത്ത ഹര്‍ത്താലിന് കണ്ണന്‍ ജില്ലാ ആശുപത്രിയിലെത്തി ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതി നല്കും. ‘സേ നോ ടു ഹര്‍ത്താല്‍’ എന്ന കൂട്ടായ്മയുടെ തൃശ്ശൂര്‍ ജില്ലാ കണ്‍വീനറാണ് കണ്ണന്‍.

 

 

 

Related posts