സീതത്തോട്ടിലേക്കൊരു യാത്ര പോയാലോ?

seethakuzhy 1അജിത് ജി. നായര്‍

രാമായണം, ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ അനന്യമായ സ്ഥാനമുള്ള മഹാകാവ്യം. രത്‌നാകരന്‍ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഈ മഹാകാവ്യം ഇന്നും ജനങ്ങളുടെ മനസില്‍ ഭക്തിയുടെയും സ്‌നേഹത്തിന്റെയും വിത്തുകള്‍ മുളപ്പിക്കുന്നു. വാത്മീകി രചിച്ച രാമായണത്തിന് പിന്നീട് പലആഖ്യാനങ്ങളുമുണ്ടായി. ഹിന്ദി കവി തുളസീദാസ് രചിച്ച രാമചരിതമാനസം, തമിഴ് കവി കമ്പറുടെ തൂലികയില്‍ വിരിഞ്ഞ കമ്പരാമായണം, മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, വിവിധങ്ങളായ ചമ്പുക്കള്‍. രാമായണം ഭാഷാഭേദങ്ങളില്ലാതെ ഭാരതത്തിന്റെ പൗരാണികതയുടെ വിളക്കായി നിലകൊള്ളുന്നു. രാമായണ കഥയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള അനേകം സ്ഥലങ്ങള്‍ ഭാരതത്തിലെമ്പാടുമുണ്ട്. രാമന്റെ ജന്മഭൂമിയായ അയോദ്ധ്യ മുതല്‍ തുടങ്ങുന്നു രാമായണത്തിന്റെ തിരുശേഷിപ്പുകള്‍.
രാമായണത്തിലെ നായികയായ സീതാദേവിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രാമം  കേരളത്തിലുണ്ട് എന്ന കാര്യം അധികം ആര്‍ക്കും അറിയാവുന്ന സംഗതിയല്ല. സീതത്തോട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. രാമായണ കഥകളുമായി ബന്ധപ്പട്ട പല സ്ഥലങ്ങളും ഇവിടെ കാണാന്‍ സാധിക്കും. സീതക്കുഴി, സീതമുടിമല, ഗുരുനാഥന്‍ മണ്ണ് തുടങ്ങി രാമായണത്തിന്റെ സ്വാധീനമുള്ള  പ്രദേശങ്ങള്‍ അനവധി. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഇവയുടെ ചരിത്രത്തിലേക്ക് പോവാം….
സീതക്കുഴി
രാമായണത്തിന്റെ ഗന്ധമുള്ള സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനം. സീതത്തോട് ടൗണില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ അദ്ഭുത പ്രതിഭാസം. രണ്ടു പാറകള്‍ പിളര്‍ന്ന രൂപപ്പെട്ട ഈ ഗര്‍ത്തം സീതാദേവിയുടെ അന്തര്‍ധാനത്തെ അനുസ്മരിപ്പിക്കുന്നു. വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുഴ ഇതിനു സമീപത്തുകൂടിയാണ് ഒഴുകുന്നത്. രാമായണവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന പല അടയാളങ്ങളും പുഴയുടെ പലഭാഗത്തായി കാണാന്‍ സാധിക്കും. സീതത്തോട് ടൗണിനെച്ചുറ്റി ഒഴുകുന്ന കക്കാട്ടാറിലാണ് ഈ പുഴ ചെന്നുചേരുന്നത്.
സീതക്കുഴി സ്ഥിതിചെയ്യുന്ന പ്രദേശവും അതേ പേരില്‍തന്നെയാണ് അറിയപ്പെടുന്നത്. മഴക്കാലത്തൊഴികെ ഈ പ്രദേശത്ത് സന്ദര്‍ശനത്തിനെത്തുന്ന ആളുകളില്‍ നല്ലൊരു ഭാഗവും സീതക്കുഴി  സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ യാത്ര അത്യന്തം അപകടകരമാണ്.
പത്തനംതിട്ട നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സീതത്തോട്. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സീതത്തോട് ടൗണിലെത്തിയ ശേഷം ഇവിടെയെത്താന്‍ രണ്ടു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ട് സീതക്കുഴിയിലെത്താന്‍ . ഈ റൂട്ടില്‍ ബസുകള്‍ കുറവായതിനാല്‍ ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. രണ്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ലക്ഷംമുക്ക് എന്ന ജംഗ്ഷനിലെത്താം. അവിടെ നിന്നും റോഡ് രണ്ടായി പിരിയുന്നു. രണ്ടു മാര്‍ഗത്തില്‍ കൂടി പോയാലും ലക്ഷ്യസ്ഥാനത്തിനടുത്ത് എത്താമെങ്കിലും പ്രകൃതിയെ അടുത്തറിയാന്‍ പുഴയിലൂടെയുള്ള നീണ്ടയാത്രയാണ് ഏവരും തിരഞ്ഞെടുക്കാറ്. താഴോട്ടുള്ള വഴിയിലൂടെ അരക്കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ഇരുകരയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം കാണാന്‍ കഴിയും. പുഴയോരത്തേക്ക് ഇറങ്ങുന്നതോടെ യാത്ര ആരംഭിക്കുകയാണ്. ഉരുളന്‍ കല്ലുകളും ചെറിയ പാറകളും നിറഞ്ഞതാണ് പുഴ. ചിലയിടത്ത് വെള്ളം കുത്തിയൊഴുകുന്നതും കാണാന്‍ സാധിക്കും.
കസേരക്കടവ് എന്നറിയപ്പെടുന്ന സ്ഥലമാണ് സീതക്കുഴി യാത്രയിലെ ആദ്യ ആകര്‍ഷണം. പാറയില്‍ രൂപപ്പെട്ട പ്രകൃതിജന്യങ്ങളായ കസേരകള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. മൂന്നു കസേരകളാണിവിടെ കാണപ്പെടുന്നത്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നിവര്‍ ഇവിടെ ഇരുന്നതായാണ് നാട്ടുകാരുടെ വിശ്വാസം. കസേരകള്‍ വര്‍ഷത്തിന്റെ ഏറിയ സമയവും വെള്ളത്താല്‍ മൂടപ്പെട്ടതിനാല്‍ ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തുക വേനല്‍ക്കാലത്തു മാത്രമേ സാധ്യമാകൂ. ഇവയുടെ സമീപം ചിലര്‍ സ്വാര്‍ഥതാത്പര്യപ്രകാരം പാറപൊട്ടിച്ചത് കടവിന്റെ ഭംഗിയെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.
ഇവിടം പിന്നിട്ട് മുമ്പോട്ടു പോകുമ്പോള്‍ യാത്ര കൂടുതല്‍ ക്ലേശകരമാവുന്നു, വഴുവഴുത്ത പാറകളില്‍ ചവിട്ടി ശ്രദ്ധയോടെ വേണം മുമ്പോട്ടു നീങ്ങാന്‍. പോകുന്ന വഴിയില്‍ ചെറുതല്ലാത്ത കുഴികള്‍ ഉള്ളതിനാല്‍ വളരെ കരുതേണ്ടിയിരിക്കുന്നു. ഇതിനിടയില്‍ രാമന്റെ കാല്‍പ്പാട് എന്നു പറയുന്ന അടയാളം, ചില ശിലാ ലിഖിതങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയും കടന്ന് ചെന്നെത്തുക സീതക്കുഴിയുടെ തൊട്ടുതാഴെയാണ്. ഇവിടെ നിന്ന് മുകളിലോട്ടു കയറിവേണം സീതക്കുഴിയുടെ സമീപമെത്താന്‍. ചരിഞ്ഞ പാറയില്‍ക്കൂടിയാണ് മുകളിലേക്കു കയറേണ്ടത്. മുള്ളുകള്‍ വകഞ്ഞുമാറ്റി വളരെ ശ്രദ്ധയോടു കൂടിവേണം ഇതിലേ സഞ്ചരിക്കാന്‍. സീതക്കുഴിയാത്രയില്‍ ഏറ്റവും അപകടസാധ്യത കൂടിയ സ്ഥലവും ഇതുതന്നെ. അതിനാല്‍ തന്നെ മഴക്കാലത്ത് ആരും ഇവിടേയ്ക്കു വരാറില്ല. മുകളിലെത്തിയാല്‍ പുഴയുടെ ഒഴുക്കിന്റെ ദിശയ്ക്ക് അല്‍പം നീങ്ങിയാണ് സീതക്കുഴി. സീതക്കുഴിയുടെ മുഖവും മുള്ളുകള്‍ നിറഞ്ഞതാണ്. പാറകള്‍ നെടുകെ പിളര്‍ന്ന ഈ അദ്ഭുത കാഴ്ച ഒരിക്കല്‍ കണ്ടയാള്‍ പിന്നെയൊരിക്കലും മറക്കാനിടയില്ല. സീതക്കുഴിയുടെ ഇരുവശത്തുമുള്ള പാറയില്‍ പണ്ടുകാലത്ത് എണ്ണയൊഴിച്ച് തിരികത്തിച്ചിരുന്നതായി ആളുകള്‍ പറയുന്നു. അതിന്റെ അവശേഷിപ്പെന്നപോലെ ചെറിയ പൊത്തുകളില്‍ എണ്ണവിളക്കിന്റെ കരി തെളിഞ്ഞു കാണാം. സീതക്കുഴി എന്ന ഗര്‍ത്തത്തിന്റെ ആഴം ആര്‍ക്കും അറിഞ്ഞുകൂടാ. ഈ പ്രദേശം ജനവാസ മേഖലയായിട്ട് ഏകദേശം ഒരു നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അന്നുമുതല്‍ ഈ കുഴി ഒരു പ്രഹേളികയായി നാട്ടുകാരുടെ മുമ്പില്‍ നിലകൊള്ളുകയാണ്. പുഴയിലെ വെള്ളം മുഴുവന്‍ വറ്റിയ കൊടുംവേനലുകളില്‍ പോലും സീതക്കുഴിയില്‍ വെള്ളം നിറഞ്ഞു നിന്നിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനു സമീപം പ്രകൃതിജന്യങ്ങളായ ഗുഹകളും കാണപ്പെടുന്നു. ഇരുള്‍ നിറഞ്ഞ ഇത്തരം ഗുഹകളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഉള്ളതിനാല്‍ സഞ്ചാരികള്‍ ഉള്ളിലേക്ക് കടക്കാറില്ല. പാറകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ഉയരത്തില്‍ നിന്നും ജലം കുത്തനെ പതിക്കുന്നത്  വശ്യമനോഹരമാണ്.  വള്ളിപ്പടര്‍പ്പുകള്‍ ധാരാളമായി ഉള്ളതിനാലും മനുഷ്യരുടെ ഉപദ്രവമില്ലാത്തതിനാലും പക്ഷികളുടെ സഞ്ചയമാണിവിടം. മനുഷ്യരുടെ കയ്യേറ്റം സീതക്കുഴിയേയും നാശത്തിലേക്കു നയിക്കുമോയെന്ന സംശയം മാത്രമേ ബാക്കിയുള്ളൂ. സീതക്കുഴിക്ക് അല്‍പം മുകളിലായുള്ള ഒരു പാറ ആളുകള്‍ സ്വകാര്യ ആവശ്യത്തിനായി പൊട്ടിച്ചുമാറ്റിയത് പരിസ്ഥിതിപ്രേമികളെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.
seethakuzhy
സീതമുടിമല
സീതക്കുഴിയുമായി ബന്ധപ്പെട്ടുതന്നെയാണ് സീതമുടിമലയുടെ ഐതിഹ്യവും. ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്യാനൊരുങ്ങിയ സീതാദേവിയെ തടയാന്‍ ശ്രീരാമദേവന്‍ ശ്രമിച്ചു. എന്നാല്‍ ദേവിയുടെ മുടിയിലാണ് രാമന് പിടിത്തം കിട്ടിയത്.  ശ്രമം വിഫലമായപ്പോള്‍ മുടി പറിഞ്ഞ് രാമന്റെ കൈയില്‍ നിന്നും തെറിച്ച് ദൂരെപ്പോയി വീണുവെന്നും അന്നു മുടിവീണ സ്ഥലം പിന്നീട് സീതമുടിമല എന്ന പേരില്‍  അറിയപ്പെട്ടുവെന്നുമാണ് ഐതീഹ്യം. സീതക്കുഴി എന്ന പ്രദേശത്തെ കാത്തുരക്ഷിച്ച് ഇന്നും സീതമുടിമല തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. പല ചരിത്ര അവശേഷിപ്പുകളും സീതമുടിമലയുടെ മുകളില്‍ ഉണ്ടെന്നു പറയപ്പെടുന്നു.
ഗുരുനാഥന്‍ മണ്ണ്
സീതാരാമന്മാരുടെ മക്കളായ ലവ-കുശന്മാരെ വാത്മീകി മഹര്‍ഷി വിദ്യ അഭ്യസിപ്പിച്ച സ്ഥലമാണ് പിന്നീട് ഗുരുനാഥന്‍ മണ്ണ് എന്നറിയപ്പെട്ടതെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. പണ്ടു കാലത്ത് ഇവിടെ ഒരു മഹര്‍ഷിയുടെ ആശ്രമമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുരുനാഥന്‍മണ്ണ് കഴിഞ്ഞാല്‍ പിന്നെ ജനവാസ മേഖലയല്ല. ഇതിനപ്പുറം റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ചില്‍പ്പെടുന്ന അതിവിശാലമായ വനപ്രദേശമാണ്.
രാമായണവുമായി ബന്ധപ്പെട്ട വേറെയും സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പലതും വിസ്മൃതിയിലാണ്ടിരിക്കുന്നു.  രാമായണ മാസത്തില്‍ ഈ സ്ഥലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നത് തര്‍ക്കരഹിതമായ കാര്യമാണ്. മാത്രമല്ല രാമായണവുമായി ബന്ധപ്പെട്ട് ഇത്രയധികം സ്ഥലങ്ങള്‍ കേരളത്തില്‍ മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന കാര്യം സംശയമാണ്.

Related posts