എന്റെ കുടുംബത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ പിന്തുണയുമായി സല്‍മാന്‍ ഒപ്പമുണ്ടാവും ! വികാരാധീനനായി ഷാരൂഖ് ഖാന്‍;വീഡിയോ വൈറലാകുന്നു…

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും സിനിമയ്ക്കു പുറത്തും പരസ്പരം ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്.

ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ ആ സൗഹൃദം മുമ്പത്തേക്കാള്‍ ശക്തമായി ഉയരുകയും ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മയക്കുമരുന്ന് റെയ്ഡിനെത്തുടര്‍ന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ രാത്രിയില്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു.

ഷാരൂഖിന്റെ പ്രയാസകരമായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച ആദ്യ സുഹൃത്തുക്കളില്‍ ഒരാളാണ് സല്‍മാന്‍. പിന്നീട് സല്‍മാന്റെ സഹോദരി അല്‍വിര അഗ്‌നിഹോത്രിയും എസ്ആര്‍കെയുടെ വീടായ മന്നത്ത് സന്ദര്‍ശിച്ചു.

എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ആരാധകര്‍ക്ക് അതിശയിക്കാന്‍ ഒന്നുമില്ലായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഷാരൂഖ് പറഞ്ഞത് തന്റെ നല്ലതും മോശവുമായ അവസ്ഥയിലെല്ലാം തനിക്കൊപ്പമുള്ളത് സല്‍മാന്‍ ഖാന്‍ ആണ് എന്നാണ്.

മുന്‍പ് സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ആയിരുന്ന ഗെയിം ഷോയായ ദസ് കാ ദമിന്റെ വേദിയില്‍ നിന്നുള്ള ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ വീഡിയോയില്‍ സല്‍മാനെക്കുറിച്ച് ഷാരൂഖ് സംസാരിക്കുന്നു. തന്നോടും കുടുംബത്തോടുമുള്ള സല്‍മാന്റെ വാത്സല്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഷാരൂഖ് വികാരാധീനനാകുന്നത് വീഡിയോയില്‍ കാണാം.

ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും ഈ ഗെയിം ഷോയില്‍ പങ്കെടുക്കുമ്പോഴുള്ള വീഡിയോ ആണിത്. തന്റെ പ്രയാസകരമായ സമയങ്ങളില്‍ പോകാനായി ആരെങ്കിലും ഉണ്ടോ എന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍, ഷാരൂഖ് പറഞ്ഞത് സല്‍മാനെക്കുറിച്ചാണ്.

”സല്‍മാന്‍, എനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ … അതിലുപരി എന്റെ കുടുംബം പ്രശ്‌നത്തിലാണെങ്കില്‍, നിങ്ങള്‍ പിന്തുണ നല്‍കും,” എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധിച്ച സല്‍മാന്‍ ഷാരൂഖിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായതോടെ ഷാരൂഖിനും കുടുംബത്തിനുമെതിരേ ചിലര്‍ സൈബര്‍ ആക്രമണവും നടത്തുന്നുണ്ട്.

ഈ അവസരത്തില്‍ ബോളിവുഡ് ഒന്നാകെ താരത്തിനും കുടുംബത്തിനും പിന്തുണ നല്‍കുകയാണ്. ഈ അവസരത്തിലാണ് ഈ പഴയ വീഡിയോ വൈറലാകുന്നതും.

Related posts

Leave a Comment