ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ (ഐസിടി) സുപ്രധാന വിധി ഇന്ന്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്ത് അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്ക്ക് പ്രോസിക്യൂട്ടർമാർ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാത്രി, ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ, പ്രതിഷേധം തുടരാൻ ഹസീന അനുയായികളോട് ആവശ്യപ്പെട്ടു. “ഭയപ്പെടാൻ ഒന്നുമില്ല. ഞാൻ ജീവനോടെയുണ്ട്. ഞാൻ ജീവിക്കും. ഞാൻ ബംഗ്ലാദേശിലെ ജനങ്ങളെ പിന്തുണയ്ക്കും…’ – മുൻ പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കേർപ്പെടുത്തിയ വിലക്ക് ഭരണകൂടം നീക്കിയില്ലെങ്കിൽ ഫെബ്രുവരിയിലെ ദേശീയ തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ തടയുമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്കു നീങ്ങുമെന്നും ഹസീന മുന്നറിയിപ്പ് നൽകി.
അവാമി ലീഗ് ഇന്നു രാജ്യവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വൈകി തലസ്ഥാന നഗരിയായ ധാക്കയിൽ സ്ഫോടനങ്ങളും വൻപ്രക്ഷോഭങ്ങളും ഉണ്ടായി. രാജ്യവ്യാപകമായി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പോലീസിനെയും സൈനികരെയും വിന്യസിച്ചിട്ടിട്ടുണ്ട്.

