എന്തേ ഇത്രയും താമസിച്ചത്! അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്ന ശോഭാ സുരേന്ദ്രന്റെ വാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ദുബായില്‍ ജയില്‍ മോചിതനായ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്നവകാശപ്പെട്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

ഫേസ്ബുക്ക് വഴിയായിരുന്നു ശോഭയുടെ അവകാശവാദം. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ സഹായിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി. ഇതിനായി അഹോരാത്രം യത്നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാര്‍ വി കെ സിങ് , സുഷമാ സ്വരാജ് , മറ്റ് കേന്ദ്ര നേതാക്കള്‍ ആയ മുരളീധര്‍ റാവു , രാം മാധവ് എന്നിവര്‍ക്കും ഒപ്പം ഇത് ശ്രദ്ധയില്‍ പെടുത്തിയ എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ , മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍ , ബി ജെ പി നാഷണല്‍ എക്സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോന്‍ എന്നീ സന്മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

അദ്ദേഹത്തിന്റെ മോചനത്തിനായി ചെറിയൊരു പങ്കെങ്കിലും വഹിക്കാന്‍ ഉള്ള അവസരം കിട്ടിയതിനാല്‍ ഈ വാര്‍ത്ത വ്യക്തിപരമായും ഒരുപാട് സന്തോഷം പകരുന്ന ഒന്നാണ്. ഈ അവസരത്തില്‍ മോചനശ്രമങ്ങള്‍ക്ക് കൂടെ നിന്ന ഏവര്‍ക്കും ഒരായിരം നന്ദി. എന്നായിരുന്നു ശോഭയുടെ പോസ്റ്റ്.

എന്നാല്‍ ഈ അവകാശവാദത്തെ പൊളിച്ചടുക്കിയാണ് പോസ്റ്റിന് താഴേ കമന്റുകള്‍ വരുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദ്ദേഹം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി ടി.വിയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ കടിച്ച് തുങ്ങുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

എട്ടുകാലി മമ്മൂഞ്ഞാവുകയാണ് ശോഭാസുരേന്ദ്രന്‍ എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്ന ഖലീജ് ടൈംസിന്റെ ലിങ്കും ചിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Related posts