അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍മോചനം കര്‍ശന വ്യവസ്ഥകളോടെ; കടബാധ്യതകള്‍ പൂര്‍ണമായും പരിഹരിക്കാനാവാതെ ദുബായ് വിടാനാവില്ല; കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആസ്ഥികള്‍ വിറ്റഴിച്ചത് കുറഞ്ഞ വിലയ്ക്ക്

ദുബായ്: പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ.ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് വിടാനാകില്ല. കടബാധ്യതകള്‍ പരിഹരിക്കുന്നത് വരെ അറ്റ്‌ലസ് രാമചന്ദ്രന് യാത്രാ വിലക്കുണ്ടാകും. ബാധ്യതകള്‍ തീര്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന.

22 ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ പണമിടപാടുകാര്‍ക്കും അറ്റ്‌ലസ് രാമചന്ദ്രന്‍ പണം കൊടുക്കാനുണ്ട്. 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടി) രൂപയോളമാണ് അദ്ദേഹത്തിന്റെ കടബാധ്യത. ബാങ്കുകളുമായി ധാരണ ആയതോടെയാണ് അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമായത്. പുതിയ ധാരണ പ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്ന് വ്യക്തമല്ല. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനാണ് ശ്രമം.

പരീക്ഷണങ്ങള്‍ പുതുമയല്ലെന്നും ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും രാമചന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. തടവറയിലെ തണുപ്പില്‍ ജീവിക്കുമ്പോഴും മനസ് മരവിച്ചിട്ടില്ല. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നും ആത്മവിശ്വാസമുണ്ട്. ബാധ്യതകളില്‍ ഒളിച്ചോടരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആസ്തികള്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Related posts